ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഈ മാസം 16,17 തീയതികളിലാണ് കേന്ദ്രമന്ത്രിയടങ്ങുന്ന സംഘം കേരളത്തിൽ എത്തുക. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് സന്ദർശനം.
കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഒപ്പം എന്‍സിഡിസി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥരും ഉണ്ടാകും. സംസ്‌ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്‌ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെട്ട സംഘം കൂടിക്കാഴ്‌ച നടത്തും.
നിലവിൽ രാജ്യത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കൂടുതലുള്ള സംസ്‌ഥാനമാണ് കേരളം. വാക്‌സിൻ സ്വീകരിച്ചവരിൽ പോലും കോവിഡ് ബാധിക്കുന്ന സ്‌ഥിതിയുണ്ട്. അതിനാലാണ് കാര്യങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്‌ഥാനം സന്ദർശിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നേരത്തെ കേന്ദ്രത്തില്‍ നിന്നുള്ള സംഘം കേരളത്തിലെത്തി രോഗവ്യാപനം കൂടുതലുള്ള എട്ടു ജില്ലകള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്‌ഥാനം കോവിഡ് മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനവും സംഘം മുന്നോട്ടുവച്ചിരുന്നു. രോഗവ്യാപനം കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോർട്.
Most Read: കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിൻ; മുഖ്യമന്ത്രി