തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞ ആഴ്‌ചത്തെക്കാൾ 100 ശതമാനം അധിക കേസുകൾ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തുവെന്ന് പറഞ്ഞ മന്ത്രി ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.
എല്ലാ ജില്ലയിലും രോഗികൾ കൂടി. സമ്പർക്കം വഴിയാണ് കൂടുതൽ കേസുകളും റിപ്പോർട് ചെയ്യുന്നത്. 20 മുതൽ 40 വയസ് വരെ പ്രായപരിധിയിൽ ഉള്ളവരിലാണ് രോഗബാധ കൂടുതൽ. പുതിയ കോവിഡ് കേസുകളിൽ കൂടുതലും ഡെൽറ്റാ വകഭേദമാണ്; മന്ത്രി വ്യക്‌തമാക്കി.
അതേസമയം സംസ്‌ഥാനത്ത് ഒമൈക്രോൺ ക്ളസ്‌റ്ററുകൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
‘345 പേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതിൽ 155 പേർ രോഗമുക്‌തരായി. വരും ദിവസങ്ങളിൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ട്’, മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും കടന്നതായും മന്ത്രി അറിയിച്ചു. കുട്ടികൾക്കുള്ള വാക്‌സിനേഷൻ 39 ശതമാനത്തിലെത്തിയെന്നും 60421 പേർക്ക് ഇതുവരെ കരുതൽ ഡോസ് വാക്‌സിൻ നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: നാഗാലാൻഡ് വെടിവെപ്പ്; പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ചു