ഡെൽഹി: നാഗാലാൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട് സമർപ്പിച്ചു. 50 സാക്ഷികളിൽ നിന്നടക്കം സംഘം മൊഴി രേഖപ്പെടുത്തി. ഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അന്വേഷണ ചുമതല. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാലുടൻ അന്തിമ റിപ്പോർട് സമർപ്പിക്കും.
നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 14 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങവെ സുരക്ഷസേന വെടി ഉതിർക്കുകയായിരുന്നു.
വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
അതേസമയം പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്‌ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമത്തിനെതിരെ നാഗാലാന്‍ഡില്‍ പ്രതിഷേധം കടക്കുകയാണ്. അഫ്‌സ്‌പ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊഹിമയിലേക്കുള്ള ലോംഗ് മാർച്ച് രണ്ടാം ദിവസത്തിൽ എത്തി. എന്നാൽ പ്രതിഷേധം വകവെക്കാതെ അഫ്‌സ്‌പ ആറ് മാസത്തേക്ക് കേന്ദ്രം നീട്ടി.
നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യം തുടരാനാണ് കേന്ദ്രം ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
Most Read: യുപിയിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രി സ്വാമി പ്രസാദ് മൗര്യ എസ്‌പിയില്‍ ചേർന്നു