കൊല്ലം: കടയ്‌ക്കൽ ചിതറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലിൽ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂലികൾ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു. അധ്യാപകർക്ക് നേരെ പ്രതിഷേധക്കാർ അസഭ്യവർഷവും നടത്തി. സ്‌കൂളിൽ ഇന്ന് രാവിലെ ജോലിക്കെത്തിയ 15 അധ്യാപകരെയാണ് സിപിഎം പ്രവർത്തകർ ക്ളാസ് മുറിയിൽ പൂട്ടിയിട്ടത്.
പിടിഎ പ്രസിഡണ്ടും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്. അധ്യാപകർക്ക് നേരെ പ്രതിഷേധക്കാർ ഭീഷണിയും മുഴക്കി. വൈകിട്ട് പുറത്തിറങ്ങുമ്പോൾ ‘കാണിച്ചു തരാമെന്ന്’ പറഞ്ഞ് ഷിബുലാൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. അധ്യാപകർ ഇപ്പോഴും ക്ളാസ് മുറിയിൽ തുടരുകയാണ്. വൻ പോലീസ് സന്നാഹം തന്നെ സ്‌കൂളിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, പത്തനംതിട്ട അടൂരിൽ ഇന്ന് സമരാനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് പ്രതിഷേധം നടത്തി. ഏനാത്തും പ്രതിഷേധക്കാർ എസ്ബിഐ ബാങ്ക് അടപ്പിച്ചു. പന്തളം, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ ഏതാനും വ്യാപാര സ്‌ഥാപനങ്ങൾ തുറന്നിട്ടുണ്ട്. തിരുവല്ല താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസിലുമായി 140 ജീവനക്കാർ ഉള്ളതിൽ തഹസിൽദാരും ഒരു ജീവനക്കാരനും മാത്രം ഹാജരായി.