ന്യൂഡെൽഹി: ഛത്തീസ്‌ഗഢ്, കോർബ ജില്ലയിൽ 16 വയസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും പെൺകുട്ടിയെയും പിതാവിനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ആറ് പേർ അറസ്‌റ്റിൽ.
ജനുവരി 29ന് ഗാദുപ്രോദ ഗ്രാമത്തിന് സമീപമാണ് സംഭവം. എന്നാൽ കഴിഞ്ഞ ചെവ്വാഴ്‌ചയാണ് വിവരം പുറത്തുവന്നത്. 16കാരിയെയും പിതാവിനെയും അദ്ദേഹത്തിന്റെ നാല് വയസുള്ള ചെറുമകളെയും ആണ് പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
16കാരിയെ പീഡിപ്പിച്ച ശേഷം കല്ലും വടിയും ഉപയോഗിച്ച് മൂന്ന് പേരെയും കൊലപ്പെടുത്തി വനമേഖലയിൽ തള്ളുകയായിരുന്നു എന്ന് കോർബ പോലീസ് സൂപ്രണ്ട് അഭിഷേക് മീണ പറഞ്ഞു.
ജില്ലയിലെ സത്രെങ്ക ഗ്രാമവാസികളായ സന്ത്രം മജ്‌വർ (45), അബ്‌ദുൽ ജബ്ബാർ (29), അനിൽ കുമാർ സർത്തി (20), പർദേശി രാം പാനിക (35), ആനന്ദ് രാം പാനിക (25), ജംശങ്കർ യാദവ് (21) എന്നിവരാണ് അറസ്‌റ്റിലായത്.
ബർപാനി ഗ്രാമത്തിൽ താമസിക്കുന്ന കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ജൂലൈ മുതൽ പ്രധാന പ്രതിയായ മജ്‌വറിന്റെ വീട്ടിൽ കന്നുകാലികളെ നോക്കുന്ന ജോലി ചെയ്യുകയായിരുന്നു. പിതാവിനെ കാണാനില്ലെന്ന മകന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. സംഭവം നടന്ന സ്‌ഥലത്ത് പോലീസ് എത്തിയപ്പോൾ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് ജീവൻ ഉണ്ടായിരുന്നു. എന്നാൽ പിതാവും നാല് വയസുകാരിയും മരിച്ചിരുന്നു. പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രതികൾക്ക് എതിരെ കൊലപാതകം, കൂട്ടബലാൽസംഗം, പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്‌ഥകൾ, പോക്‌സോ ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു.
Also Read: ചെങ്കോട്ട അക്രമം; ട്വീറ്റ് ചെയ്‌ത സാമൂഹ്യ പ്രവർത്തകക്കെതിരെ കേസ്