ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്ത് റിപ്പബ്ളിക് ദിനത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷകർക്ക് പിന്തുണ അറിയിച്ച യോഗിത ഭയാനക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം ഡെൽഹി പോലീസ് തന്റെ ശബ്‌ദം അടിച്ചമർത്തുകയാണ് എന്ന് ഭയാന പ്രതികരിച്ചു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചതാണ് താൻ ചെയ്‌ത ഒരേയൊരു കുറ്റമെന്നും അവർ പറഞ്ഞു.
ഐപിസി സെക്ഷൻ 153, 153 എ, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് ഭയാനക്കെതിരെ കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വ്യാജ പോസ്‌റ്റുകൾ അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തിയെന്നാണ് നോട്ടീസിൽ പറയുന്നതെന്ന് ഭയാന അറിയിച്ചു. കൂടാതെ പോസ്‌റ്റുകളുടെ ഉറവിടവും കാരണവും അറിയിക്കണമെന്നും പോലീസ് നോട്ടീസിൽ പറയുന്നു.
എന്നാൽ തന്റെ ശബ്‌ദം അടിച്ചമർത്താനാണ് ഡെൽഹി പോലീസിന്റെ ശ്രമമെന്ന് ഭയാന ആരോപിച്ചു. മാത്രവുമല്ല ഡെൽഹി പോലീസ് തെറ്റിദ്ധാരണ ഉള്ളവരാണെന്നും പ്രതീക്ഷക്ക് വിപരീതമായിട്ടാണ് അവർ പ്രവർത്തിക്കുന്നതെന്നും ഭയാന പറഞ്ഞു. താൻ കർഷകർക്കൊപ്പമാണ് എന്ന് പറഞ്ഞ അവർ സത്യത്തിനായി പോരാടുകയാണെന്ന ബോധ്യം തനിക്കുണ്ടെന്നും വ്യക്‌തമാക്കി.
Read Also: ദീർഘ അവധി; കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി