ന്യൂഡെൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്ത കാരണത്താൽ പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസി നൽകിയ അപ്പീൽ കോടതി തള്ളി. അതേസമയം, ഇതിലെ നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.
വിദേശത്ത് പോകാനും മറ്റും ജീവനക്കാർക്ക് അഞ്ചു വർഷത്തെ അവധി കെഎസ്ആർടിസി നൽകാറുണ്ട്. ഇത്തരത്തിൽ അവധിയിൽപ്പോയ ജീവനക്കാരോട് ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. 136 പേർക്കായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ ഇതുപ്രകാരം തിരികെ പ്രവേശിച്ച ചുരുക്കം ചിലർ ഒഴികെ ബാക്കി എല്ലാവരെയും പിരിച്ചുവിടുക ആയിരുന്നു.
തുടർന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരികെയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും വ്യക്‌തമാക്കി ആയിരുന്നു ഡിസംബർ 18ന് ഹൈക്കോടതിയുടെ ഉത്തരവ്.
ഇതിന് പിന്നാലെ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌ത് കെഎസ്ആർടിസി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ബാങ്ക് വായ്‌പ(3100 കോടി) ഉൾപ്പടെ 4315 കോടിയുടെ ബാധ്യതയുണ്ടെന്നും കോവിഡ് അടച്ചിടൽ സ്‌ഥിതി രൂക്ഷമാക്കിയെന്നും കെഎസ്ആർടിസി സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവെക്കുക ആയിരുന്നു.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പിസി ജോർജ്