ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ ഉദ്യോഗസ്‌ഥനായിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്‌റ്റിലായത്. സർവീസിൽ നിന്ന് സസ്‌പെൻഡിലായ ഇദ്ദേഹം കഴിഞ്ഞ ഒരു വർഷമായി ഒളിവിലായിരുന്നു. തുടർന്ന് പ്രതി ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. 2018 ഒക്‌ടോബർ മുതൽ 2020 നവംബർ 16 വരെയുള്ള കാലയളവിലാണ് ഉദ്യോഗസ്‌ഥൻ തട്ടിപ്പ് നടത്തിയത്.
ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്. ഈ കാലയളവിൽ ബാങ്കിന്റെ ചീഫ് അസോസിയേറ്ററായി പ്രവർത്തിച്ചിരുന്ന സുനിൽ ജോസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ പുതിയ ലോൺ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നു. കൂടാതെ, ബാങ്കിൽ പണയത്തിൽ സൂക്ഷിച്ചിരുന്ന 76 പാക്കറ്റിലുള്ള സ്വർണാഭരണങ്ങൾ വീണ്ടും പണയംവെച്ച് മൂന്നരകോടിയാണ് തിരിമറി നടത്തിയത്. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണവും ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് വീണ്ടും പണയം വെച്ചത്.
ഇടപാടുകാരോടും ബാങ്ക് ജീവനക്കാരോടും ഏറെ സൗഹൃദം നടിച്ചാണ് പ്രതി വിദഗ്‌ധമായി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. തൃശൂർ റൂറൽ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവെഎസ്‌പിയാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ബാങ്കിലെ അസി. മാനേജരുടെ പരാതിയിൽ കാട്ടൂർ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും വലിയ തുകയുടെ തിരിമറി ആയതിനാൽ കേസ് ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു. സംഭവത്തിൽ ബാങ്ക് മാനേജരെയും സുനിൽ ജോസിനെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read: സംസ്‌ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം