ന്യൂഡെൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമര പരിപാടികൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് നടത്തുന്ന ദേശീയപാതാ ഉപരോധം നേരിടാൻ സർവ സന്നാഹവും ഒരുക്കി ഡെൽഹി പോലീസ്. ഡെൽഹിയിൽ അധിക സുരക്ഷ ഏർപ്പെടുത്തുകയും കൂടുതൽ ബാരിക്കേഡുകൾ സ്‌ഥാപിക്കുകയും ചെയ്‌തു. ഗാസിപൂർ അതിർത്തിയിൽ ജലപീരങ്കി വാഹനങ്ങൾ പോലും വിന്യസിച്ച് വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
റിപ്പബ്ളിക് ദിനത്തിൽ ഏറ്റവും വലിയ അക്രമ സംഭവങ്ങൾക്ക് സാക്ഷിയായ ചെങ്കോട്ട പ്രദേശത്ത് ഇന്ന് പ്രത്യേക ശ്രദ്ധ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡെൽഹി-എൻസിആർ മേഖലയിൽ 50,000ത്തോളം പോലീസ്, അർധസൈനിക, റിസർവ് ഫോഴ്‌സ് ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. 12 മെട്രോ സ്‌റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഭ്യൂഹങ്ങളും പ്രകോപനപരമായ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യൽ മീഡിയകൾ നിരീക്ഷിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി. മറ്റ് സംസ്‌ഥാനങ്ങളിലെ പോലീസ് സേനയുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡെൽഹി പോലീസ് വക്‌താവ് ചിൻമയി ബിസ്വാൾ പറഞ്ഞു. സിംഗു, തിക്രി, ഗാസിപൂർ എന്നീ പ്രധാന പ്രതിഷേധ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.
2020 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ, കഴിഞ്ഞ 70 ദിവസത്തിലേറെയായി ഈ മൂന്ന് അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുകയാണ്. ഇതിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് കൂടുതലും.
ഇന്ന് ഉച്ചക്ക് 12 മണി മുതൽ മൂന്ന് വരെയാണ് കർഷകരുടെ ദേശീയപാതാ ഉപരോധം നടക്കുക. മൂന്ന് മണിക്കൂർ രാജ്യത്തെ എല്ലാ ദേശീയ, സംസ്‌ഥാന പാതകളും തടയാനാണ് കർഷകരുടെ തീരുമാനം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡെൽഹി-എൻസിആർ എന്നിവയൊഴികെ എല്ലാ പ്രധാന പാതകളിലും ഗതാഗതം സ്‌തംഭിക്കും. കരിമ്പുകർഷകർ വിളവെടുപ്പു തിരക്കിലായതിനാൽ ഈ മൂന്ന് മേഖലകളിൽ ഉപരോധം നടക്കില്ലെന്ന് കർഷകർ വ്യക്‌തമാക്കിയിട്ടുണ്ട്.
ആംബുലൻസ് പോലുള്ള അടിയന്തരവും അത്യാവശ്യവുമായ വാഹനങ്ങൾ, സ്‌കൂൾ ബസുകൾ എന്നിവ കടന്നുപോകാൻ അനുവദിക്കണമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രതിഷേധക്കാർക്ക് നിർദേശം നൽകി.
Also Read: ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ