തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡിന് പിന്നാലെ തിരുവനന്തപുരത്ത് സംഘർഷം. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമാണ് ഇഡി റെയ്‌ഡ് നടത്തിയത്.
റെയ്‌ഡിനെതിരെ സിപിഎം പ്രവർത്തകർ കണ്ണൂരും തിരുവനന്തപുരത്തും പ്രതിഷേധം നടത്തിയിരുന്നു. ബേക്കറി ജങ്ഷനിലെ വീട്ടിലെ റെയ്‌ഡ് പൂർത്തിയായതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്‌ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടത്തി. കാറിന്റെ ചില്ലുകാർ തകർത്തു.
മൂന്ന് വാഹനങ്ങളാണ് തകർത്തത്. വീടിന് പുറത്തുനിന്ന പോലീസുകാരുടെ ഹെൽമറ്റ് വലിച്ചെടുത്ത് ഉള്ളിൽ നിന്ന് സിആർപിഎസ് ജവാൻമാർക്ക് നേരെ എറിഞ്ഞു. പ്രവർത്തകർ കുപ്പി എറിയുകയും ചെയ്‌തു. സിപിഎം പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയാണ്. ഡെൽഹി ഇഡി ആസ്‌ഥാനത്തെ പ്രതിഷേധ മാർച്ചിനിടെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
അതിനിടെ, സ്വന്തം പാർട്ടിക്കാരല്ലാത്തവർക്ക് നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ”റെയ്‌ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്. ഏറെ കാര്യങ്ങൾ പറയാനുണ്ട്. അത് പിന്നീട് പറയാം”- പിണറായി വിജയൻ പറഞ്ഞു.
എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് വിവരം. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും റെയ്‌ഡ് നടന്നു. വീടുകളിലും സിഎംആർഎൽ ഓഫീസിലുമടക്കം 12 ഇടങ്ങളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
Most Read| എബോള; ഉഗാണ്ടയിൽ നിന്നെത്തിയ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്






































