തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇവരുടെ വീടുകളിലും സിഎംആർഎൽ ഓഫീസിലുമടക്കം 12 ഇടങ്ങളിലാണ് പരിശോധന.
എക്സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് സൂചന.
റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. റിയാസ് വീട്ടിൽ ഇല്ലെന്നാണ് വിവരം. കനത്ത സുരക്ഷയിലാണ് ഇഡി ഉദ്യോഗസ്ഥർ വീടിനുള്ളിൽ പ്രവേശിച്ചത്. പുലർച്ചെയോടെയാണ് ഇഡി സംഘമെത്തിയത്. മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. വരും ദിവസങ്ങളിൽ വീണാ വിജയനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് സാധ്യത.
ഐടി സേവനങ്ങൾ നൽകാതെ തന്നെ സിഎംആർഎൽ കമ്പനി വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ നൽകിയത് എന്തിനാണെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ പ്രാധാന്യം ഇതിന് പിന്നിലുണ്ടോ എന്നും ഇഡി സംശയിക്കുന്നുണ്ട്.
Most Read| അനധികൃത കുടിയേറ്റം; ജനസംഖ്യാ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ ഉന്നതതല സമിതി



































