മുംബൈ: ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ള അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 40കാരനായ സിദ്ധാർഥ് മരണപ്പെട്ടത്. മുംബൈയിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നടനെ ഉടൻ തന്നെ കുപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
നിലവിൽ നടന്റെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. അതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മോഡലിങ്ങിലൂടെ സിനിമാലോകത്തെത്തിയ സിദ്ധാർഥ് ബിഗ് ബോസ് സീസൺ 13ലെ വിജയിയാണ്. നിരവധി റിയാലിറ്റി ഷോകളിലൂടെയും മറ്റും ആരാധകർക്കിടയിൽ ശ്രദ്ധേയനായ സിദ്ധാർഥിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു ബിഗ് ബോസിലെ വിജയം. തുടർന്ന് ബിസിനസ് ഇൻ റിതു ബാസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
നിലവിൽ അദ്ദേഹം ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. സിനിമ, സീരീസ് എന്നിവക്കൊപ്പം തന്നെ ബാലിക വധു, ദിൽ സേ ദിൽ തക് തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സിദ്ധാർഥ് അവതരിപ്പിച്ചിട്ടുണ്ട്. മരണവാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി പ്രമുഖരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ താരത്തിന് അനുശോചനം രേഖപ്പെടുത്തുന്നത്.
Read also: പ്രശാന്ത് കിഷോറിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; ഇടഞ്ഞ് നേതാക്കൾ





































