കൊച്ചി: പ്രശസ്‌ത ഗായകന്‍ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയിൽ തിളങ്ങിയ പ്രതിഭയായിരുന്നു ആന്റോ.
നാട്ടിലെ യോഗങ്ങളിലും കല്യാണ വീടുകളിലുമെല്ലാം പാടിനടന്നിരുന്ന ആന്റോക്ക് നാടകത്തിന്റെ അരങ്ങിലേക്ക് വാതില്‍ തുറന്നുകൊടുത്തത് മുന്‍ കേന്ദ്ര മന്ത്രി എസി ജോര്‍ജായിരുന്നു. വിമോചന സമരം കൊടുമ്പിരികൊണ്ട കാലത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നാടകസമിതിയില്‍ എത്തിയ ആന്റോ അവിടെ നിന്ന് പുതിയ ലോകങ്ങളിലേക്ക് വിജയസഞ്ചാരം തുടര്‍ന്നു. മുഹമ്മദ് റാഫിയുടെ ഹിറ്റുകളായിരുന്നു തോപ്പില്‍ ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകള്‍.
സിജെ തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. പിന്നീട് മാള മഹാത്‌മാ തിയേറ്റേഴ്‌സ്, ചാലക്കുടി സൈമ തിയേറ്റേഴ്‌സ്, എന്‍എന്‍ പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തിയേറ്റേഴ്‌സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ മായാത്ത സ്വരമായി ആന്റോ വളര്‍ന്നു.
‘കാല്‍പ്പാടുകള്‍’ എന്ന സിനിമ സംവിധാനം ചെയ്‌ത കെഎസ് ആന്റണിയാണ് ആന്റോക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ‘ഫാദര്‍ ഡാമിയന്‍’ എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്‍. പിന്നീട് എംകെ അര്‍ജുനന്‍, ദേവരാജന്‍ മാസ്‌റ്റർ, കെജെ ജോയ് തുടങ്ങി നിരവധി പ്രതിഭകളുടെ സംഗീത സംവിധാനത്തിലും അദ്ദേഹം പാടി. പതിനഞ്ചോളം സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച ഗായകനായി മലയാള സിനിമാ രംഗത്ത് എക്കാലത്തും തിളങ്ങി നിന്ന തോപ്പില്‍ ആന്റോ ‘ഹണി ബീ 2’ എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്.
Most Read: ഭൂമിയേക്കാൾ പ്രായമുള്ള പാറക്കല്ല്; കൗതുകമായി ഉൽക്കാശില




































