കാവി മുണ്ടുടുത്തവരും ചന്ദനം തൊട്ടവരും സംഘപരിവാറാണോ? വിഡി സതീശന്‍

By Desk Reporter, Malabar News
VD-SAtheeshan
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിന് മതേതരത്വ നിലപാടാണ് ഉള്ളതെന്നും മൃദുഹിന്ദുത്വ നിലപാടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഒരു പൗരന് ജനാധിപത്യം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അതിനെ ചോദ്യം ചെയ്യുന്ന ആളുകളില്‍ നിന്നും പൗരനെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ക്ഷേത്രത്തിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. അതുകൊണ്ട് ആരും മൃദുഹിന്ദു ആവുന്നില്ല. മതേതരത്വം എന്നാല്‍ മത നിരാസം അല്ലെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.

“ഇഷ്‌ടമുള്ളവര്‍ പ്രാർഥിക്കട്ടെ, അവര്‍ ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കട്ടെ. അത് ചോദ്യം ചെയ്യുന്ന ആളുകളില്‍ നിന്നും അവരെ സംരക്ഷിക്കണം. ആശയപരമായി വര്‍ഗീയതയെ നേരിടേണ്ടത് ഉറച്ച നിലപാടിലൂടെയാണ്. മതേതരത്വ നിലപാടില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ല. സംഘപരിവാറിനെ ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധിക്കുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം കോണ്‍ഗ്രസാണ്,”- വിഡി സതീശന്‍ പറഞ്ഞു.

“പുതിയൊരു കള്‍ച്ചര്‍ ഉണ്ട്. കാവി മുണ്ടുടുത്തവരും ചന്ദനം തൊട്ടവരും സംഘപരിവാറാണെന്ന്. അമ്പലത്തില്‍ പോകാന്‍ പാടില്ല, പള്ളിയില്‍ പോകാന്‍ പാടില്ല എന്നുള്ള നിലപാട് ശരിയല്ല. മതേതരത്വം എന്നാല്‍ മത നിരാസം അല്ല. മതങ്ങളെ ചേര്‍ത്ത് പിടിക്കണം. എന്റെ ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉള്ളപ്പോള്‍ തന്നെ സഹോദര മതത്തില്‍പ്പെട്ടൊരാള്‍ക്ക് അയാളുടെ മതത്തില്‍ വിശ്വസിക്കാനും അയാളുടെ മതവിശ്വാസം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ ഞാന്‍ കൂടി ചേർന്നുനിന്ന് സംരക്ഷിക്കുമ്പോഴാണ് ഇന്ത്യയുടെ മതേതരത്വം യാഥാർഥ്യമാവുന്നത്,”- പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഞാന്‍ ക്ഷേത്രത്തില്‍ പോയി പ്രാർഥിച്ചിട്ടാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. അതുകൊണ്ട് ഞാന്‍ മൃദുഹിന്ദുവാണെന്നാണോ അർഥം. എനിക്ക് ഇഷ്‌ടമുള്ള മതത്തില്‍ ഞാന്‍ വിശ്വസിക്കും, ഇഷ്‌ടമുള്ള ദൈവത്തെ ഞാന്‍ പ്രാർഥിക്കും. അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന എനിക്ക് നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഞാന്‍ ഗുരുവായൂരില്‍ പോയി പ്രാർഥിച്ചിട്ടുണ്ട്. അതൊക്കെയെങ്ങനെ മൃദുഹിന്ദുത്വമാവും. ഹിന്ദുക്കളെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടിയാണോ ഞാന്‍ ക്ഷേത്രത്തില്‍ പോയി പ്രാർഥിക്കുന്നത്. തെറ്റായ വ്യാഖ്യാനമാണ് ഇതെല്ലാം. അത് കൂടുതല്‍ ആളുകളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതാണ്; വിഡി സതീശൻ കൂട്ടിച്ചേത്തു.

Most Read:  പ്രവാചക നിന്ദ; നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE