‘ചെറുപ്പക്കാർ വളരുന്നതിൽ സിപിഎമ്മിന് ഭയം, ചവിട്ടിയരച്ച് കുലമൊടുക്കുക ലക്ഷ്യം’

രാഹുലിനെതിരായ നീക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം നടത്തുന്ന രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.

By Senior Reporter, Malabar News
rahul mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ
Ajwa Travels

തിരുവനന്തപുരം: ബലാൽസംഗ കേസിൽ കുറ്റാരോപിതനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം. രാഹുലിനെതിരായ നീക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം നടത്തുന്ന രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.

രാഹുലിന്റെ തലമുറയിൽപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നുവെന്നും അവരെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് അടക്കുമ്പോൾ സിപിഎമ്മിൽ പടർന്നുപിടിക്കുന്ന അതിസാരവും ഛർദിയുമാണ് എതിരാളികൾക്ക് എതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങൾ.

തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി രാഷ്‌ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും ചെയ്‌ത ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൂര്യനെല്ലി പീഡനം, ഐസ്‌ക്രീം പാർലർ കേസ്, സോളാർ കേസ് എന്നിവ ചൂണ്ടിക്കാട്ടി മുഖപ്രസംഗം പറയുന്നു.

സോളാർ കേസിന് ശേഷം രണ്ടുതവണ സിപിഎം അധികാരത്തിൽ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവ് പോലും കണ്ടെത്താൻ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജൻമംകൊടുത്ത പിണറായി സർക്കാരിനോ സാധിച്ചില്ല. ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു അദ്ദേഹം ചെയ്‌ത കുറ്റം. ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. രാഷ്‌ട്രീയ സർഗാത്‌മകതയും പ്രജ്‌ഞാശേഷിയുമുള്ള ചെറുപ്പക്കാർ വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.

നിയമസഭാ നടപടിക്രമങ്ങളിൽ ഭരണപക്ഷത്തെ നിരായുധരും വിഷർണരുമാക്കുന്ന ആയുധങ്ങളുള്ളവരും അത് പ്രയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോൺഗ്രസിന്റെ ഈ കത്തുന്ന സൂര്യൻമാർ. സഭക്ക് പുറത്തും ചാനൽ ചർച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്‌ഞാനതൃഷ്‌ണയുള്ള ഒരുപറ്റം ചെറുപ്പക്കാര വേറെയുമുണ്ട്.

മറ്റു പാർട്ടികൾക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്‌ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്‌തിഹത്യകളുടെയും ലക്ഷ്യം. വിഷം തീണ്ടാതിരിക്കാൻ സർപ്പത്തെ ചാടിക്കടക്കാം. അല്ലെങ്കിൽ പത്തി തകർത്ത് കൊല്ലുക. അപവാദങ്ങളിൽ പതറാതെയും വ്യക്‌തിഹത്യയിൽ തകരാതെയും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE