പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. വിശദമായ വാദത്തിന് ശേഷമാണ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചത്. ജഡ്‌ജി അരുന്ധതി ദിലീപ് ആണ് ഹരജി തള്ളി ഉത്തരവിട്ടത്.
അടച്ചിട്ട കോടതി മുറിയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ നീണ്ട വാദപ്രതിവാദങ്ങൾ നടന്നിരുന്നു. പ്രോസിക്യൂഷന് വേണ്ടി എപിപി എംജി. ദേവിയാണ് ഹാജരായത്. അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാൻ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.
മജിസ്‌ട്രേറ്റ്, പ്രതിഭാഗം അഭിഭാഷകനായ ശാസ്‌തമംഗലം അജിത് കുമാറിനോട് വാദം അടച്ചിട്ട കോടതിമുറിയിൽ വേണോയെന്ന് ചോദിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം വാദം അടച്ചിട്ട മുറിയിൽ ആകാമെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെയാണ് വാദം പൂർത്തിയാക്കിയത്.
രണ്ടുമണിക്കൂർ നീണ്ട ശക്‌തമായ വാദപ്രതിവാദമാണ് ഇന്നലെ നടന്നത്. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും എസ്ഐടി വാദിച്ചു. അതേസമയം, പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്‌പര സമ്മതത്തോടെ എന്ന് വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്‌റ്റ് ചെയ്‌തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| ഇന്ത്യയുടേത് സമ്പന്നമായ സംസ്‌കാരം, അടുത്തബന്ധം സ്‌ഥാപിക്കാൻ ഇറാൻ ശ്രമിക്കും; റിസാ പഹ്‌ലവി





































