ന്യൂഡെൽഹി: ഒരുമണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന യൂണിയൻ ബജറ്റ് അവതരണം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശ. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. അതിവേഗ റെയിൽ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല.
മുംബൈ- പൂണെ, പൂണെ- ഹൈദരാബാദ്, ഹൈദരാബാദ്- ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബെംഗളൂരു, ഡെൽഹി- വാരാണസി, വാരാണസി-സിലിഗുരി എന്നീ അതിവേഗ റെയിൽവേ ഇടനാഴി പ്രഖ്യാപിച്ചപ്പോൾ കേരളത്തെ തഴയുകയായിരുന്നു.
അപൂർവ ധാതു ഇടനാഴിയും നാളികേര പ്രോൽസാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുർവേദ ചികിൽസാ പ്രോൽസാഹനവും ഒഴിച്ച് നിർത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല. പ്രഖ്യാപനത്തിനിടെ കേരളം… കേരളം എന്ന് എംപിമാർ വിളിച്ചു പറഞ്ഞിരുന്നു.
ബജറ്റിന്റെ തുടക്കത്തിൽ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പരിഗണിക്കുന്നത്. വിഴിഞ്ഞം-ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞദിവസം കെഎൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റ് വില കുറയുന്നവ/ കൂടുന്നവ
വില കുറയുന്നവ
കാൻസർ മരുന്നുകൾ
ഇവി ബാറ്ററി
ഉപകരണങ്ങൾ
സോളാർ പാനൽ
മൈക്രോവേവ് ഓവൻ
ലെതർ ഉൽപ്പന്നങ്ങൾ
വില കൂടുന്നവ
സിഗരറ്റ്
മദ്യം
ഡിജിറ്റൽ ക്യാമറ
വീഡിയോ ഗെയിംസ് ആൻഡ് സോഫ്റ്റ്വെയർ
മുതിർന്നവരുടെ ഡയപ്പറുകൾ
ആഡംബര വാച്ചുകൾ
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ






































