തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ആന്റണി രാജുവിന്റെ ശിക്ഷാവിധി താൽക്കാലികമായി കോടതി മരവിപ്പിച്ചു. ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാവിധി മരവിപ്പിച്ചത്. കേസിൽ രണ്ടാംപ്രതിയാണ് ആന്റണി രാജു.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതി വിധിച്ച മൂന്നുവർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീൽ നൽകിയത്. അതേസമയം, ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും അയോഗ്യനാക്കപ്പെട്ട എംഎൽഎ സ്‌ഥാനം തിരികെ ലഭിക്കില്ല. ഒപ്പം പ്രതി കുറ്റക്കാരനെന്ന വിധിയും നിലനിൽക്കും. കേസ് ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും.
തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ രണ്ടാം പ്രതിയായ ആന്റണി ആന്റണി രാജുവിനും ഒന്നാം പ്രതിയായ കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷയും 10,000 രൂപ പിഴയുമാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്. അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































