ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്‌റുൽ ജില്ലയിലാണ് അക്രമങ്ങൾ നടക്കുന്നത്. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ഇതുകാരണം ഗ്രാമവാസികൾ രാത്രിയോടെ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്‌തതോടെ ഉഖ്‌റുൽ ജില്ലയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി.
ജില്ലയിൽ അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്‌തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിദ്വേഷകരമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നാണ് നടപടി. തിങ്കളാഴ്‌ച രാത്രി വൈകിയാണ് ജില്ലയിൽ അക്രമങ്ങൾ ആരംഭിച്ചത്.
അക്രമികൾ ലിത്തൻ സരെയ്ഖോങ് ഗ്രാമത്തിലെ വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്‌തു. ഇതോടെ ഗ്രാമവാസികൾ പരിഭ്രാന്തരായി. കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് പല ഗ്രാമവാസികളും അയൽ ജില്ലയായ കാങ്‌പോക്‌പിയിലെ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് പലായനം ചെയ്‌തു.
തിങ്കളാഴ്‌ച ഏകദേശം 12.10ന് കെ ലുങ്വിറാം ഗ്രാമത്തിൽ ഒരു ചെറിയ തീപിടിത്തം റിപ്പോർട് ചെയ്‌തതായും ഒരു വീടിന് ഭാഗികമായി നാശനഷ്‌ടം സംഭവിച്ചതായും പോലീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. സുരക്ഷാ സേന ഉടൻ സ്‌ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കിയെന്നും തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊതുവായ സാഹചര്യം സാധാരണ നിലയിലാണെന്നും പോലീസ് വ്യക്‌തമാക്കി.
2023 മേയ് മുതൽ സംസ്‌ഥാനത്ത് നടക്കുന്ന കുക്കി-മെയ്‌തെയ് സംഘർഷങ്ങളിൽ നൂറിലേറെ ജീവനുകളാണ് നഷ്‌ടമായത്. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. പലരും ഇപ്പോഴും കാണാമറയത്താണ്.
സംഘർഷം നിയന്ത്രിക്കുന്നതിൽ സംസ്‌ഥാന-കേന്ദ്ര സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗത്തിന് പട്ടികജാതി, പട്ടികവർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവാണ് സംഘർഷത്തിന് കാരണമായത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































