കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എൻ. വാസുവും പുറത്തേക്ക്. കൊല്ലം വിജിലൻസ് കോടതിയാണ് എൻ. വാസുവിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് പഴുതാക്കിയാണ് എൻ. വാസുവും ജാമ്യം നേടുന്നത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ വാസു, കഴിഞ്ഞ നവംബർ 11നാണ് അറസ്‌റ്റിലാവുന്നത്. ശബരിമല കട്ടിളപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ. വാസു ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
2019 ഫെബ്രുവരിയിൽ വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ചിൽ ബോർഡ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ കൈയിൽ കട്ടിളപ്പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി ആയിരുന്ന എസ്. ജയശ്രീയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പാളികൾ കടത്തിയെന്നും ദേവസ്വം ഉദ്യോഗസ്‌ഥർക്ക് ഗുരുതര വീഴ്‌ചപറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
പിന്നാലെയാണ് വാസുവിനെ കേസിൽ പ്രതിചേർത്തത്. ഇതോടെ ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അഞ്ച് പ്രതികൾക്ക് ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ കെഎസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല


































