തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസ് നൽകിയ പരാതി തള്ളിയാണ് വരണാധികാരിയുടെ നടപടി.
രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്‌ഥാനാർഥി കെഎസ്. ശബരീനാഥനാണ് പരാതി നൽകിയത്. സൂക്ഷ്‌മ പരിശോധനയിൽ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. പിന്നീട് സ്വീകരിക്കുകയായിരുന്നു.
മുതിർന്ന നേതാക്കളുമായി ആലോചിച്ചു നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെഎസ്. ശബരീനാഥൻ പറഞ്ഞു. ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ, എന്തിനാണ് മറച്ചുവയ്‌ക്കുന്നതെന്നും ശബരീനാഥൻ ചോദിച്ചു. എൻഡിഎ അക്കൗണ്ട് പൂട്ടിക്കാൻ സുവർണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തത് ഡീലാണെന്നും ശബരീനാഥൻ പറഞ്ഞു.
സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ കോറാമംഗലയിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നായിരുന്നു യുഡിഎഫിന്റെ പരാതി. വസ്‌തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്. തുടർന്ന് പത്രിക മാറ്റിവെക്കുകയായിരുന്നു.
അതേസമയം, വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയിൽ തീർപ്പ് കൽപ്പിക്കാൻ വരണാധികാരിക്ക് കഴിയില്ലെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചു. പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് പത്രിക സ്വീകരിച്ചത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ








































