പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി, ഡീൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മൽസരിക്കുന്ന കാലമാണെന്നും ഇപ്പോൾ നുണ പറയാൻ മൽസരിക്കുകയാണെന്നും മുഖ്യമന്ത്രി പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സഹകരണ വകുപ്പിന്റെ കോമൺ സോഫ്‌റ്റ്‌വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിക്ക് നീക്കമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാൽ, ഇത് മുഖ്യമന്ത്രി തള്ളി. ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണ്. അഴിമതിയെന്ന നിലയിൽ വസ്‌തുതക്ക് നിരക്കാത്ത കാര്യങ്ങൾ നുണയായി പ്രചരിപ്പിക്കാൻ മൽസരിക്കുകയാണ്.
4415ഓളം വരുന്ന സഹകരണ സംഘങ്ങൾക്ക് പൊതുവായ സോഫ്‌റ്റ്‌വെയർ നടപ്പാക്കാൻ 2021ൽ തന്നെ ടെണ്ടർ അനുസരിച്ച് 206 കോടി രൂപയ്‌ക്ക് ടാറ്റ കൺസൾട്ടൻസി സർവീസസിന് ലെറ്റർ ഓഫ് ഇന്റന്റ് നൽകി. എന്നാൽ, 2024 ഒക്‌ടോബറിൽ അവർ ഏകപക്ഷീയമായി പിൻമാറി. 2025 മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പുതിയ ടെണ്ടർ ക്ഷണിക്കാൻ തീരുമാനിച്ചു.
ഹൈലെവൽ കമ്മിറ്റിയുടെ വിശദമായ പരിശോധന, നിയമവകുപ്പിന്റെ അനുമതിയെല്ലാം ലഭിച്ച ശേഷം ടെക്‌നിക്കൽ ഫിനാൻഷ്യൽ ബില്ലുകൾ വിലയിരുത്തി ടെണ്ടർ നടപടി പൂർത്തിയാക്കി. ഹൈക്കോടതി ടെണ്ടർ നടപടി തുടരാൻ അനുമതി നൽകി. പുതിയ പദ്ധതിയിൽ ഡാറ്റയും സോഴ്‌സ് കോഡും സർക്കാരിന്റെ ഉടമസ്‌ഥതയിൽ നിലനിൽക്കുന്നുവെന്നതാണ് പ്രത്യേകത. നടപടികൾ സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനമടക്കം മറച്ചുപിടിക്കാൻ പച്ചനുണ പറയുകയാണ്. അതൊന്നും ജനങ്ങളെ ഏശില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും അവർ തീരുമാനം എടുക്കുക. ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച് അതിനകത്ത് എൽഡിഎഫിനെ കുടുക്കിയിടുകയാണ്. നാടിന്റെ വികസനത്തെ കുറിച്ച് പറയുന്നത് അവർക്ക് പ്രയാസമുണ്ടാക്കും. അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഇപ്പോൾ പ്രയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ചെന്നിത്തലയുടെ മങ്കടയിലെ എൽഡിഎഫ്- എസ്‌ഡിപിഐ ഡീൽ ആരോപണവും മുഖ്യമന്ത്രി തള്ളി. നുണ പറഞ്ഞിട്ട് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം ഡീൽ പ്രചാരണങ്ങൾ ജനം തളിക്കളയും. ബിരിയാണി ചെമ്പും സ്വർണവും അടക്കമുള്ള ആരോപണങ്ങൾ ജനം മുഖവിലക്ക് എടുത്തില്ല. ജനങ്ങളുടെ നിത്യ ജീവിതത്തിൽ മാറ്റം സംഭവിച്ചു. അതാണ് തുടർഭരണം സമ്മാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































