തിരുവനന്തപുരം: ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്‌ഥാനാർഥി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രികോണ മൽസരം നടക്കുന്ന നേമത്ത് എൽഡിഎഫ് സ്‌ഥാനാർഥിയെ പിന്തുണക്കുമെന്ന് എസ്‌ഡിപിഐ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. മതേതര ജനാധിപത്യ പ്രസ്‌ഥാനത്തിന്റെ സ്‌ഥാനാർഥിയായാണ് താൻ മൽസരിക്കുന്നത്. എസ്‌ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്‌ക്കുന്നതെന്ന് എൽഡിഎഫ് നേരത്തെ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ, രാഷ്‌ട്രീയത്തിൽ പ്രശ്‌നങ്ങളെല്ലാം മാറി മാറി വരുമെന്നും ശിവൻകുട്ടി പറഞ്ഞു.
ഒരു തീരുമാനമെടുത്താൽ അവസാനം വരെ ആ തീരുമാനമെന്നത് അംഗീകരിക്കാൻ പറ്റില്ലലോ. ജനാധിപത്യ സംവിധാനത്തിൽ ചില ആൾക്കാർ ഞങ്ങൾക്ക് വോട്ട് ചെയ്യേണ്ടെന്ന് പറയുന്നത് തന്നെ തെറ്റാണ്. ആര് വോട്ട് ചെയ്‌താലും സന്തോഷത്തോടെ സ്വീകരിക്കും. സ്‌ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. വേർതിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
നേമത്ത് എൽഡിഎഫ് സ്‌ഥാനാർഥിയായ വി. ശിവൻകുട്ടിയെ പിന്തുണയ്‌ക്കുമെന്ന് എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡണ്ട് സിപിഎ. ലത്തീഫ് ആണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് എസ്‌ഡിപിഐ പിന്തുണച്ചതെന്നും ലത്തീഫ് പറഞ്ഞു. അതേമസയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു തങ്ങളുടെ പിന്തുണയെന്നും ലത്തീഫ് വ്യക്‌തമാക്കി.
സിപിഎം- എസ്‌ഡിപിഐ ഡീൽ എന്ന യുഡിഎഫ് ആരോപണം ശക്‌തമായിരിക്കെയാണ് വി. ശിവൻകുട്ടി എസ്‌ഡിപിഐ പിന്തുണയെ തള്ളിപ്പറയാതെ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, എസ്‌ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് അവരോടാണ് ചോദിക്കേണ്ടത് അല്ലാതെ, തന്നോടല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രതികരിച്ചത്. വോട്ടിന് വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ലെന്നും തത്വാധിഷ്‌ഠിത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































