ടെഹ്റാൻ: ഗൾഫ് മേഖല ലക്ഷ്യമിട്ട് തിരിച്ചടി തുടർന്ന് ഇറാൻ. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ളാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. രാജ്യത്തെ ഒരു പ്രധാന പ്ളാന്റിലെ സർവീസ് കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
കെട്ടിടത്തിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്. ആക്രമണത്തിന് പിന്നാലെ അടിയന്തിര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി. പ്ളാന്റിന്റെ പ്രവർത്തനം തടസമില്ലാതെ തുടരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരുമാസം മുൻപ് യുദ്ധം തുടങ്ങിയത് മുതൽ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈത്ത് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഒരു സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ അക്രമണത്തിൽ പത്ത് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലർച്ചെയുണ്ടായ ശക്തമായ ആക്രമണത്തെ തുടർന്ന് തുടർച്ചയായ സ്ഫോടക ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറയുന്നു.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈനിൽ രാത്രികാല കടൽ യാത്ര നിരോധിച്ചു. മൽസ്യ ബന്ധനത്തിന് ഉൾപ്പടെയാണ് നിരോധനം. വൈകീട്ട് ആറുമുതൽ പുലർച്ചെ നാലുവരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Most Read| ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിച്ചു



































