പ്രായമാകുന്നതോടെ ആളുകൾ എവിടെയെങ്കിലും സ്വസ്‌ഥമായി ഇരിക്കാനാകും ആലോചിക്കുക അല്ലെ? എന്നാൽ, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചവർക്ക് ഒരുപക്ഷെ അത് ആലോചിക്കാനേ കഴിയില്ല. അതിന് ഉദാഹരണമാണ് 103 വയസുള്ള കാശിബ മുത്തശ്ശി.
ഈ പ്രായത്തിലും ചായക്കട നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന മുത്തശ്ശി ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിലെ താരമാണ്. കഠിനാധ്വാനം ചെയ്യാനുള്ള മനസും മനക്കരുത്തും ഉണ്ടെങ്കിൽ ഏത് പ്രായത്തിലും എന്ത് പണിയും ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ.
ഗുജറാത്തിലെ വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലക്ക് സമീപം ചായക്കട നടത്തുന്ന മുത്തശ്ശിയെ കുറിച്ച്, ഒരാഴ്‌ച മുൻപ് സാക്ഷി സിങ് എന്ന മാദ്ധ്യമ പ്രവർത്തക ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സോഷ്യൽ മീഡിയ അറിഞ്ഞത്.
മുത്തശ്ശിയുടെ ഇഞ്ചി ചായയാണ് ശ്രദ്ധേയം. ഇത് കുടിക്കാത്തവരായി ആ നാട്ടിൽ ആരുമുണ്ടാവില്ല. ഇഞ്ചി ചായ ആ റോഡിൽ എപ്പോഴും ഒരു പ്രത്യേക സുഗന്ധം നിലനിർത്തും. അതുകൊണ്ടുതന്നെ അതുവഴി പോകുന്നവരെല്ലാം ആ കടയിലെ സ്‌ഥിരം സന്ദർശകരാണ്. ചായക്കായി ഇഞ്ചി ചതയ്‌ക്കുന്നതും ചെറിയ ജോലികളിൽ സഹായിക്കുന്നതുമായ മുത്തശ്ശിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
വർഷങ്ങളായി ഈ ചായക്കട ഇവിടെയുണ്ട്. 1993 മുതൽ മുത്തശ്ശിയെ കാണുന്നവരും അവരുടെ ചായ കുടിക്കുന്നവരും വീഡിയോയിൽ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. തന്റെ മകനെയും കൊച്ചുമക്കളെയും ബിസിനസിൽ സഹായിച്ചുകൊണ്ടാണ് മുത്തശ്ശി സജീവമായിരിക്കുന്നത്. വിശ്രമിക്കേണ്ട പ്രായത്തിലും ഉപജീവനമാർഗം തുടരാൻ അവർ കാണിക്കുന്ന മനക്കരുത്തിനെയാണ് സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്.
കാശിബയെ പോലുള്ളവരാണ് യഥാർഥ ഇൻഫ്ളുവൻസറെന്ന് ചിലർ പറയുന്നു. എന്നാൽ, അവരുടെ ജീവിത സാഹചര്യമായിരിക്കാം ഈ പ്രായത്തിലും അധ്വാനിക്കാൻ അവരെ നിർബന്ധിതയാക്കുന്നതെന്ന പക്ഷക്കാരുമുണ്ട്. മുത്തശ്ശിയുടെ വീഡിയോ ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകളിലേക്ക് എത്തിയിട്ടുണ്ട്.
health| കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്, സർക്കാർ ഇടപെടൽ വേണം






































