കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നൂർബിന റഷീദ്. മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നൂർബിന രാജി പ്രഖ്യാപനം നടത്തിയത്.
നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയിൽ അയച്ചുവെന്നും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്‌തമാക്കി. വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണനയാണെന്നാണ് നൂർബിനയുടെ ആരോപണം. സ്‌ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും നൂർബിന പറയുന്നു.
”ഹരിത വിവാദം സൃഷ്‌ടിച്ചവരാണ് മൽസരിക്കുന്നതെന്ന് പറഞ്ഞാണ് നൂർബിന വിയോജിപ്പ് അറിയിച്ചത്. ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ, ഇത്രയും കാലത്തിനടിയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്‌ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങൻമാർക്കെതിരെ സംസാരിച്ചിട്ടില്ല- നൂർബിന പറഞ്ഞു.
പേരാമ്പ്രയിലെ യുഡിഎഫ് സ്‌ഥാനാർഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ നൂർബിന വിമർശനമുയർത്തി. ഫാത്തിമ തെഹ്‌ലിയ സ്‌ഥാനാർഥിത്വം ആവശ്യപ്പെട്ടതിൽ തെറ്റില്ല. പക്ഷേ, ഞങ്ങൾക്കും തരണമായിരുന്നു. പേരാമ്പ്രയിലെ യുഡിഎഫ് സ്‌ഥാനാർഥി അഞ്ചുവർഷം കൗൺസിലറായി ഭരിച്ച് കാണിക്കട്ടെയെന്ന് നൂർബിന പറഞ്ഞു. തലമുറ മാറ്റം വേണമെങ്കിൽ ഒരുപാട് പേർ വേറെയുണ്ടായിരുന്നു. അവരെ എന്തുകൊണ്ട് പരിഗണിച്ചില്ല. അയോഗ്യത എന്താണെന്ന് വ്യക്‌തമാക്കണമെന്നും നൂർബിന കൂട്ടിച്ചേർത്തു.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’







































