ദുബായ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. മിന അൽ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് സർക്കാർ പറയുന്നത്.
കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നാണ് മിന അൽ അഹമ്മദി. പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. മാർച്ച് 19നും മിന അൽ അഹമ്മദി ഇറാൻ ആക്രമിച്ചിരുന്നു. സൗദിക്ക് നേരെയും ഡ്രോണാക്രമണം ഉണ്ടായി. ഏഴ് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ബഹ്റൈനിലെ ആമസോണിന്റെ കെട്ടിടം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടു. ആമസോണിന്റെ ക്ളൗഡ് കമ്പ്യൂട്ടിങ് സെന്ററിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട് ചെയ്തു. നേരത്തെ ജോർദാനിലെ സൈനിക താവളത്തിൽ വെച്ച് യുഎസിന്റെ യുദ്ധവിമാനം ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു.
അൽ അസ്റാഖ് സൈനിക താവളത്തിൽ വിമാനത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് ഇറാൻ വാർത്താ ഏജൻസിയുടെ റിപ്പോർട്. അതേസമയം, യുഎസ് ആക്രമണത്തിൽ ടെഹ്റാനിൽ നിർമാണത്തിലിരുന്ന പാലം തകർന്നതായും ഇറാൻ സൈന്യം അറിയിച്ചു. കറാജ് പാലമാണ് തകർന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള പാലമായിരുന്നു ഇത്.
Most Read| ആർട്ടെമിസ്-II നിർണായക ഘട്ടത്തിൽ; പേടകം ഭൂമി വിട്ട് ചന്ദ്രനിലേക്ക് കടന്നു








































