വാഷിങ്ടൻ: എച്ച്1 ബി വിസ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ബിൽ റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. ‘എച്ച്1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026‘ എന്ന പേരിൽ കോൺഗ്രസ് അംഗം എലി ക്രെയിൻ അവതരിപ്പിച്ച ബിൽ, നിലവിലെ വിസാ സമ്പ്രദായം പൂർണമായും പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിരവധി അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് ഒപ്പുവെച്ചിട്ടുണ്ട്. യുഎസ് പൗരൻമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപടി. വൻകിട കോർപ്പറേറ്റുകളുടെ ലാഭത്തിനല്ല, മറിച്ച് കഠിനാധ്വാനം ചെയ്യുന്ന യുഎസ് പൗരൻമാർക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് എലി ക്രെയിൻ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. എച്ച്1 ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്‌താക്കൾ ഇന്ത്യക്കാരാണ്. ഉയർന്ന വൈദഗ്‌ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1 ബി വിസകളാണ്.
അതുകൊണ്ടുതന്നെ ഇന്ത്യൻ പ്രഫഷനലുകളെ ഈ ബിൽ നിയമമായാൽ വലിയ രീതിയിൽ ബാധിക്കും. നിലവിൽ വർഷംതോറും 65,000 പേർക്കാണ് വിസ അനുവദിക്കുന്നത്. ഇത് 25,000 ആക്കി കുറയ്‌ക്കുക, കുറഞ്ഞ ശമ്പളം വർഷം രണ്ടുലക്ഷം യുഎസ് ഡോളർ (ഏകദേശം 1.8 കോടി രൂപ) ആക്കുക, എച്ച്1 ബി വിസയിൽ എത്തുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാൻ അനുവാദം നൽകാതിരിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം








































