തിരുവനന്തപുരം: വൈസ് ചാൻസലർ സ്‌ഥാനത്തേക്ക് സർക്കാർ നൽകിയ പട്ടിക തള്ളി വീണ്ടും ഗവർണറുടെ നിയമനം. അധ്യാപക പരിഷത്ത് നേതാവ് പി. സജിത റാണിയെയാണ് കാർഷിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്.
എംജി സർവകലാശാലയിലെ വിസി നിയമനത്തിന് പിന്നാലെയാണ് കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വ്യക്‌തിയെ വിസിയായി നിയമിക്കുന്നത്. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് സജിതയെ ലോക്‌ഭവൻ വിസിയായി നിയമിച്ചത്. നിലവിൽ പടന്നക്കാട് കാർഷിക കോളേജിലെ ഡീനാണ് സജിത റാണി.
ബി. അശോക് കാർഷിക വകുപ്പിൽ നിന്ന് മാറിയ പശ്‌ചാത്തലത്തിലാണ് നിയമനം. സംസ്‌ഥാന സർക്കാർ നൽകിയ മൂന്നംഗ പട്ടികയാണ് ലോക്‌ഭവൻ തള്ളിയത്. കാർഷിക സർവകലാശാലയുടെ ചട്ടപ്രകാരം, വിസിയെ നിയമിക്കുമ്പോൾ സർക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ട്. എന്നാൽ, ആ നടപടിക്രമങ്ങൾ മറികടന്നാണ് ഗവർണറുടെ നീക്കം.
നിയമനത്തിന് പിന്നിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള ശ്രമമുണ്ടെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. സജിത റാണിയെ നിയമിച്ചതിലൂടെ ഗവർണർ നടപ്പിലാക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും ഗവർണറോടുള്ള നിലപാട് കൃഷിമന്ത്രി വ്യക്‌തമാക്കണമെന്നും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സഞ്‌ജീവ് പിഎസ് ഫേസ്ബുക്കിൽ കുറിച്ചു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































