കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കുറ്റപത്രം വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്.
എസ്. ശശിധരൻ സമർപ്പിച്ച അന്വേഷണ റിപ്പോർട് വ്യക്തതയില്ലാത്തതും അപൂർണ്ണവുമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ടിൽ ലഭിച്ച കേസുകളിൽ 30 എണ്ണത്തിൽ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നാണ് കോടതിയുടെ നിലപാട്.
അതേസമയം, 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളിൽ ഏകീകരിച്ച് കുറ്റപത്രം നൽകാനാണ് ശ്രമമെന്നും വിജിലൻസ് എസ്പി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.
2016ലാണ് വിഎസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് കോടികൾ വായ്പ എടുത്തതിലാണ് അഴിമതി ആരോപണം. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡണ്ട് എംഎൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നബാർഡ് പിന്നാക്ക വികസന കോർപ്പറേഷൻ വഴി നൽകിയ ഗ്രാന്റ് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും

































