കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ ഭീതി അകലുന്നു. നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 22 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
ഇതോടെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ നിന്ന് ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം ഏഴും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 34ഉം ആയി. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരും ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട ഏഴുപേരും ഉൾപ്പടെ 11 പേർ ക്വാറന്റെയ്‌നിലാണ്. കുറഞ്ഞ റിസ്‌കിലുള്ള 52 പേർ നിരീക്ഷണത്തിലാണ്.
രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ പത്തുമുതൽ നിപ്പ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 57 പേരുടെയും ഫലം നെഗറ്റീവാണ്. അതേസമയം, നിപ്പ സ്‌ഥിരീകരിച്ചു രാമനാട്ടുകര സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസ തുടരുകയാണ്.
അതേസമയം, സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് ഷിഗെല്ല സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊല്ലം ജില്ലയിലാണിത്. ഇതോടെ സംസ്‌ഥാനത്ത് ജൂൺ മാസം 191 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈവർഷം ഇതുവരെ 267 പേർക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































