കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടൂറിസ്‌റ്റ് ഗൈഡായ മലപ്പുറം കീഴ്‌ശ്ശേരി വട്ടോളി കണ്ണംകുത്ത് ഷിബിൽ റഹ്‌മാന്റെ (25) മൃതദേഹമാണ് മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നും എത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തിന്റെ ഗൈഡായി എത്തിയതായിരുന്നു ഷിബിൽ. സംഘത്തിലെ നാലുപേർ പുഴയിൽ ഒഴുക്കിൽപ്പെട്ടപ്പോൾ ഷിബിൽ ഇവരെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു. എന്നാൽ, ഷിബിലും ഒഴുക്കിൽപ്പെടുകയായിരുന്നു.
ആനക്കാംപൊയിൽ കണ്ടപ്പൻചാൽ തൂക്കുപാലത്തിന് അടിയിലാണ് സംഘം കുളിക്കാനായി ഇറങ്ങിയത്. വനമേഖലയിൽ കനത്ത മഴ പെയ്‌തതോടെ ഇരവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായി. സംഘത്തിൽ ഉണ്ടായിരുന്ന ബെംഗളൂരു സ്വദേശികളായ നിഖിത, പ്രണിൻ, കിഷോർ, എന്നിവർ ഒഴുക്കിൽപ്പെട്ടത് കണ്ടതോടെയാണ് ഷിബിൽ പുഴയിൽ ചാടിയത്.
എന്നാൽ, ഷിബിലും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥരും നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ വിനോദസഞ്ചാരികളെ സുരക്ഷിത സ്‌ഥാനത്തേക്ക് എത്തിച്ചു. കാണാതായ ഷിബിലിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
തിരച്ചിലിന്റെ മൂന്നാം ദിനമാണ് ഷിബിലിന്റെ മൃതദേഹം കണ്ടെത്തുന്നത്. പതങ്കയത്ത് പുഴയിൽ ഇറങ്ങുന്നതിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പുഴയുടെ മറ്റു സ്‌ഥലങ്ങളിലൂടെ വിനോദസഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നത്.
Most Read| ഉത്തരങ്ങൾക്ക് മാർക്കിട്ടില്ല; പിഎസ്‌സി മൂല്യനിർണയത്തിൽ വൻ ക്രമക്കേട്




































