കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു. കേസിലെ നാലാം പ്രതിയായാണ് പ്രശാന്തിനെ ചേർത്തത്. 2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ പിഎസ്. പ്രശാന്തിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സ്വർണപ്പാളികൾ കൈമാറിയ നടപടിയിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായും എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്തരിച്ച ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാംപ്രതി. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ അഞ്ചാം പ്രതിയുമാണ്. തിരുവാഭരണം കമ്മീഷണർ രജിലാലാണ് കേസിലെ ഏഴാം പ്രതി.
സ്വർണക്കൊള്ള മറയ്ക്കുന്നതിനായാണ് 2025ൽ പാളികൾ കൊണ്ടുപോയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. 40 വർഷം ഗ്യാരണ്ടിയുള്ള സ്വർണപ്പാളികൾക്ക് വെറും അഞ്ചുവർഷത്തിനുള്ളിൽ മങ്ങലേറ്റപ്പോൾ, നിയമനടപടി സ്വീകരിക്കുന്നതിന് പകരം മുമ്പ് സ്വർണം കൊണ്ടുപോയ ചെന്നൈയിലെ കമ്പനിയിലേക്ക് തന്നെ വീണ്ടും കൊണ്ടുപോകാൻ പിഎസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്.
ഇതോടെ, ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടുമൊരു സിപിഎം നേതാവ് കൂടി പ്രതി സ്ഥാനത്ത് വന്നിരിക്കുകയാണ്. 2025ൽ സ്വർണം കൊണ്ടുപോയ കേസിൽ തന്ത്രി കണ്ഠരര് രാജീവരും പ്രതിയാണ്. കേസിലെ ആറാം പ്രതിയാണ് കണ്ഠരര് രാജീവര്. നിലവിൽ ഇയാൾ ജാമ്യത്തിലാണ്. നേരത്തെ, മുൻ ദേവസ്വം പ്രസിഡണ്ട് പത്മകുമാറിന്റെ ഭരണസമിതിയെയും എസ്ഐടി പ്രതിയാക്കിയിരുന്നു.
സ്വർണക്കൊള്ളയിൽ രണ്ട് കേസുകളാണ് നിലവിലുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതും. മൂന്നാമത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































