കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ നിന്ന് പിൻമാറാതെ യുഎസ് കമ്പനി കോറോ ഹെൽത്ത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന അനുരഞ്‌ജന ചർച്ചയിൽ തീരുമാനമായില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നെന്ന നിലപാടിൽ കമ്പനി ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്.
കമ്പനി പൂട്ടാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഈമാസം 20ന് കമ്പനിയുടെ യുഎസ് ആസ്‌ഥാനമായുള്ള ഉന്നത മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. കേരളത്തിലെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കമ്പനിക്ക് ആവശ്യമായ എല്ലാവിധ അടിസ്‌ഥാന സൗകര്യങ്ങളും മറ്റുസഹായങ്ങളും നൽകാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചതായി മന്ത്രി ബിന്ദു കൃഷ്‌ണ ചർച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. കമ്പനി പൂർണമായി അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ചട്ടപ്രകാരം കമ്പനി പൂട്ടണമെങ്കിൽ സർക്കാരിന് മുൻകൂട്ടി നോട്ടീസ് നൽകേണ്ടതുണ്ട്. എന്നാൽ, ഇവിടെ അത്തരം നടപടികൾ ഒന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്നറിയിപ്പും നൽകാതെ കഴിഞ്ഞ വെള്ളിയാഴ്‌ച ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. അന്നുമുതൽ സർക്കാർ വിഷയത്തിൽ ഇടപെടുന്നുണ്ടെങ്കിലും കമ്പനി നിലപാടുമായി മുന്നോട്ടു പോവുകയായിരുന്നു.
അമേരിക്കയിലെ നയപരമായ മാറ്റങ്ങളും ബിസിനസ് കരാറുകളിലെ ഇടിവുമാണ് പിരിച്ചുവിടലിന് കാരണമായി കമ്പനി പറയുന്നത്. പുതിയ ലേബർ കോഡ് അനുസരിച്ചാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണമെങ്കിലും കേരളത്തിൽ ലേബർ കോഡ് വ്യവസ്‌ഥകൾ ഇതുവരെ നടപ്പാക്കിയിട്ടില്ലാത്തതിനാൽ ഈ നടപടി നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Most Read| ഷെയ്ഖ് ഹസീന ബംഗ്ളാദേശിലേക്ക് മടങ്ങുന്നു; ഡിസംബറിൽ കീഴടങ്ങുമെന്ന് റിപ്പോർട്

































