തമിഴ്‌നാട്ടിലെ ഗോവധ നിരോധനം; ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ബക്രീദ് ദിനത്തിലോ മറ്റു ദിവസങ്ങളിലോ സംസ്‌ഥാനത്ത്‌ ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27ന് ഉത്തരവിറക്കിയത്.

By Senior Reporter, Malabar News
supreme court

ന്യൂഡെൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ഉത്തരവ് ചോദ്യം ചെയ്‌ത്‌ തമിഴ്‌നാട് സർക്കാർ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

ജസ്‌റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ തിരുത്തൽ ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അവസാന ഭാഗം തിരുത്തിയാണ് സ്‌റ്റേ അനുവദിച്ചത്. സംസ്‌ഥാനത്തുടനീളം സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്ന നിർദ്ദേശം തിരുത്തേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ബക്രീദ് ദിനത്തിലോ മറ്റു ദിവസങ്ങളിലോ സംസ്‌ഥാനത്ത്‌ ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

പാൽ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിരോധനം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 1976ലെ ഒരു സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരോധനം ഏർപ്പെടുത്തിയത്. ഭരണഘടനയുടെ 48ആം അനുച്‌ഛേദം പശുക്കളെ അറക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്‌ഥാനങ്ങളോട് നിർദ്ദേശിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, സംസ്‌ഥാന സർക്കാർ ഇതിനെ ചോദ്യം ചെയ്‌തു. പത്ത് വർഷത്തിലധികം പ്രായമുള്ള, ജോലി ചെയ്യിപ്പിക്കാനോ പ്രജനനത്തിനോ ശേഷിയില്ലെന്ന് സർട്ടിഫിക്കറ്റുള്ള കന്നുകാലികളെ വധത്തിന് വിധേയമാക്കാമെന്നാണ് 1958ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമം പറയുന്നത്. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ ഗോവധനിരോധന ഉത്തരവ് ഇതിന് വിരുദ്ധമാണെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ചില പ്രത്യേക വിഭാഗത്തിലുള്ള പശുക്കളെ നിശ്‌ചിത സ്‌ഥലങ്ങളിൽ അറക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി ഉത്തരവ് ഈ നിയമവ്യവസ്‌ഥയ്‌ക്ക് വിരുദ്ധമാണെന്നും സർക്കാർ വാദിച്ചു. തുടർന്നാണ് സുപ്രീം കോടതി വിജയ് സർക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE