കോട്ടയം: പ്രണയ ദിനമായ ഫെബ്രുവരി 14ന് ഇനിമുതൽ ‘പശു ആലിംഗന ദിന’മായി ആചരിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ പരിഹസിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പരിഹാസം.
മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ നാടോടിക്കാറ്റ് എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. ‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപ്പിണ്ണാക്ക്. ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ’ എന്നും മന്ത്രി ഫേസ്ബുക്കിൽ വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ നിർദ്ദേശം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ വലിയ തരത്തിലുള്ള ചർച്ചക്കാണ് വഴി തുറന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രണയദിനവും പശുക്കളും ആണ് ഇപ്പോൾ ട്രെൻഡിങ്.
മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് പശു ആലിംഗന ദിനത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ വിശദീകരണം. ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നുമാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ഉത്തരവിൽ പറയുന്നത്.
Most Read: പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി