വാഷിങ്ടൻ: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരിയായ ഇ ജീൻ കരോളിന് നഷ്‌ടപരിഹാര തുക കൈമാറി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കോടതി ഉത്തരവിനെ തുടർന്ന് 5.63 മില്യൻ ഡോളറാണ് (ഏകദേശം 47 കോടിയിലധികം) നൽകിയത്.
കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമ സ്‌ഥാപനത്തിന് കൈമാറാൻ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജി ലൂയിസ് കപ്ളാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പണം കൈമാറിയത്. 2023ൽ വിധിച്ച അഞ്ച് മില്യൻ ഡോളർ സിവിൽ കോടതി വിധിയും അതിന്റെ പലിശയും ചേർത്താണ് നിലവിൽ തുക കൈമാറിയിരിക്കുന്നത്.
ട്രംപിന്റെ ശക്‌തമായ എതിർപ്പുകളെ മറികടന്നാണ് കോടതി നടപടി. 1996ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്‌റ്റോറിലെ ഡ്രസിങ് റൂമിൽ വെച്ച് ട്രംപ് പീഡിപ്പിച്ചെന്ന് കരോൾ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. കരോളിന്റെ പുസ്‌തകത്തിലാണ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
ഈ ആരോപണം നിഷേധിച്ച ട്രംപിനെതിരെ കരോൾ ഫയൽ ചെയ്‌ത കേസുകളിൽ ഇതുവരെ ആകെ 88.3 മില്യൻ ഡോളറിന്റെ വിധികളാണ് കോടതികൾ പുറപ്പെടുവിച്ചിട്ടുള്ളത്. കരോളിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അവരുടെ പുസ്‌തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ട്രംപ് വാദിച്ചിരുന്നു.
എന്നാൽ, അഞ്ച് മില്യൺ ഡോളറിന്റെ സിവിൽ കോടതി വിധിക്കെതിരെ ട്രംപ് നൽകിയ അപ്പീൽ കഴിഞ്ഞമാസം യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് നഷ്‌ടപരിഹാരം കൈമാറാനുള്ള വഴിയൊരുങ്ങിയത്. തുക കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകർ നേരത്തെ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു.
കരോൾ ഈ തുക മറ്റാർക്കോ ദാനം ചെയ്യാനുള്ള നീക്കമാണെന്നും അങ്ങനെ ചെയ്‌താൽ പിന്നീട് കേസിൽ അനുകൂല വിധി വന്നാലും പണം തിരിച്ചെടുക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ വാദം. എന്നാൽ, വിരമിക്കൽ കാലത്തെ ആവശ്യങ്ങൾക്കായി ഈ തുക ബാങ്കിൽ നിക്ഷേപിക്കുമെന്നാണ് കരോൾ കോടതിയെ അറിയിച്ചത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































