മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നിന്ന് 50ലധികം കുട്ടികളുടെ പ്ളസ്വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശ ക്യാപ് സംഘടിപ്പിച്ച് എംഎൽഎ കെപി നൗഷാദലി.
രക്ഷിതാക്കൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുത്ത ക്യാംപ്, പൊന്നാനി എംഐ എച്ച്എസ്എസ് സ്കൂൾ പ്രിൻസിപ്പൽ നബീൽ തെക്കരകത്ത് മാഷ്, ഇതേ സ്കൂളിലെ കൊമേഴ്സ് അധ്യാപകനും ഹൈടെക് ഐടി കോർഡിനേറ്ററും കൂടിയായ മുഹമ്മദ് സമീർ എന്നിവരാണ് നയിച്ചത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയ ക്യാംപിൽ പ്രവേശനം ഉറപ്പുവരുത്താൻ ആവശ്യമായ നടപടിക്രമങ്ങൾ അധ്യാപകർ വിശദീകരിച്ചു നൽകി. മുന്നോട്ടുള്ള ഓരോ കാര്യങ്ങളും വിശദമായി മനസിലാക്കുന്നതിനും ഫോളോ ചെയ്യുന്നതിനും വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള എംഎൽഎയുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചു.
അർഹരായ എല്ലാ വിദ്യാർഥികൾക്കും പരിസര പ്രദേശങ്ങളിൽ തന്നെ സീറ്റ് ലഭ്യമാക്കാനുള്ള ഇടപെടൽ എംഎൽഎ നടത്തുന്നുണ്ടെന്നും നിലവിൽ പൊന്നാനി നിയോജകമണ്ഡലത്തിൽ ലഭ്യമായ 4 സയൻസ് ബാച്ചുകളിലൂടെ 240 കുട്ടികൾക്ക് പ്രവേശനം ലഭിക്കുമെന്നും നബീൽ മാഷ് വിശദീകരിച്ചു.
രക്ഷിതാക്കളും കുട്ടികളും പ്രതീക്ഷിക്കുന്ന സ്കൂളിൽ തന്നെ പ്രവേശനം ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും 100 ശതമാനം പേർക്കും അവരവർ ആഗ്രഹിക്കുന്ന ഇടങ്ങളിൽ പ്രവേശനം ലഭിച്ചേക്കില്ല എന്ന വസ്തുത എല്ലാവരും ഉൾക്കൊള്ളണമെന്നും എംഎൽഎ അഭ്യർഥിച്ചു. അതേസമയം, തുടർപഠനം ആഗ്രഹിക്കുന്ന ഒരുകുട്ടിക്ക് പോലും അവസരം നഷ്ടപ്പെടാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എംഎൽഎ നൗഷാദലി പറഞ്ഞു.
ഒന്നാം സപ്ളിമെന്ററി പ്രവേശന ശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം നാളെ, ജൂലൈ 25ന് പ്രസിദ്ധീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് നാളെമുതൽ https://hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ജില്ലയ്ക്ക് അകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറാൻ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ പേജിലെ “Apply for School/Combination Transfer” എന്ന ലിങ്കിലൂടെ 2026 ജൂലൈ 25 രാവിലെ 10 മണിമുതൽ 2026 ജൂലൈ 27 ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ വിശദീകരിച്ചു.
ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്. സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിനായി 2026 ആഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്നതാണെന്ന് സംസ്ഥാന അക്കാദമിക് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നുണ്ടെന്നും എംഎൽഎ വിശദീകരിച്ചു.
Most Read| നീറ്റ് വിവാദം; എൻടിഎയിൽ പണി തുടങ്ങി കേന്ദ്രം, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു




































