‘ബ്‌ളാക്‌മാൻ’ 100 വയസിൽ വിടവാങ്ങി; 80 വർഷം ജോലിചെയ്‌ത്‌ ഗിന്നസ് സ്വന്തമാക്കിയ വ്യക്‌തിത്വം

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 5 വർഷം മുൻപ്, 1942 ജൂലൈ മുതൽ 2022വരെ നീണ്ട 80 വർഷം ഒരേ കമ്പനിയിൽ എയർലൈൻ മെക്കാനിക്ക് എന്ന നിലയിൽ ഏറ്റവും ദൈർഘ്യമേറിയ കാലം ജോലി ചെയ്‌ത അസ്രിയേൽ 'അൽ' ബ്‌ളാക്‌മാൻ (യുഎസ്എ) ഭൂമിയോട് വിടപറഞ്ഞു.

By Senior Reporter, Malabar News
american aviation-mechanic Azriel Al Blackman
അസ്രിയേൽ 'അൽ' ബ്‌ളാക്‌മാൻ/ Image Source: American Airlines Facebook Page/ Cropped by Team MN

80 വർഷത്തിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതം മുഴുവനും അമേരിക്കൻ എയർലൈൻസിന് വേണ്ടി മാറ്റിവെച്ച, വ്യോമയാന മേഖലയിലെ ‘അപൂർവ പ്രതിഭ’ അസ്രിയേൽ ‘അൽ’ ബ്‌ളാക്‌മാൻ 100ആം വയസിൽ വിടവാങ്ങി. അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള ആത്‌മാർഥതയും പ്രതിബദ്ധതയും സ്‌നേഹവും തലമുറകൾക്ക് വഴികാട്ടിയാണ്.

ജൂലൈ 24ന് വൈകുന്നേരമായിരുന്നു ബ്‌ളാക്‌മാന്റെ അന്ത്യമെന്ന് അമേരിക്കൻ എയർലൈൻസും എയർക്രാഫ്റ്റ് മെയിന്റനൻസ്‌ കൂട്ടായ്‌മയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എയർലൈൻ മെക്കാനിക്കെന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്‌ഠിച്ചതിന്റെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയെങ്കിലും തന്റെ തൊഴിൽ ഉപേക്ഷിക്കാൻ ബ്‌ളാക്‌മാൻ തയ്യാറായിരുന്നില്ല.

ജോലിയോടുള്ള സ്‌നേഹം ഇത്രമേൽ മനുഷ്യനെ ആഴത്തിലാക്കുമെന്നതിന് ബ്‌ളാക്‌മാൻ ഉദാഹരണം. നീണ്ട 80 വർഷം അമേരിക്കൻ എയർലൈൻസ് മെക്കാനിക്കൽ മേഖല ബ്‌ളാക്‌മാന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. ഏതൊരു മേഖലയിലായാലും ഇത്രയും ദീർഘകാലം ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്‌തവർ വിരളമാണ്. ‘വ്യോമയാന മേഖലയിലെ അപൂർവ പ്രതിഭ’ എന്നാണ് ബ്‌ളാക്‌മാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അമേരിക്കൻ എയർലൈൻസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

വിമാന മെക്കാനിക് മേഖലയിലേക്കുള്ള കടന്നുവരവ്

രണ്ടാം ലോക മഹായുദ്ധകാലത്ത്, അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 5 വർഷം മുൻപ് 1942 ജൂലൈ 17നാണ് ബ്‌ളാക്‌മാൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അമേരിക്കൻ എയർലൈൻസിന്റെ മുൻഗാമിയായ അമേരിക്കൻ എക്‌സ്‌പോർട്ട് എയർലൈൻസിലാണ് ആദ്യം ജോലി ചെയ്‌തത്. അന്ന് 16 വയസായിരുന്നു പ്രായം. മാൻഹട്ടനിലെ ഏവിയേഷൻ ഹൈസ്‌കൂളിൽ നിന്നും പഠനം കഴിഞ്ഞ സമയമായിരുന്നു.

മണിക്കൂറിൽ 50 സെന്റ് വേതനത്തിൽ ഷീറ്റ് മെറ്റൽ ഷോപ്പിൽ അപ്രന്റീസായാണ് ബ്‌ളാക്‌മാൻ തന്റെ തൊഴിലാളി ജീവിതം ആരംഭിച്ചത്. വ്യോമയാന മേഖലയിലെ സാങ്കേതിക മാറ്റങ്ങൾക്കും പല വിപ്ളവങ്ങൾക്കും പിന്നീടങ്ങോട്ട് ബ്‌ളാക്‌മാൻ സാക്ഷിയായി. അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ അമേരിക്കൻ എയർലൈൻസ് സീ പ്‌ളെയിനുകൾ പറത്തിയിരുന്ന ജെറ്റ് യുഗത്തിനും മുൻപുള്ള കാലത്താണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്.

american aviation-mechanic Azriel Al Blackman
Image Source: American Airlines Facebook Page/ Cropped by Team MN

ബ്‌ളാക്‌മാന്റെ കരിയർ ജീവിതത്തിന്റെ ഓരോഘട്ടവും ചരിത്രപരമായാണ് കടന്നുപോയത്. പെട്രോൾ/ പിസ്‌റ്റൺ എൻജിൻ വിമാനങ്ങളുടെ കാലം മുതൽ ജെറ്റ് യുഗത്തിന്റെ തുടക്കത്തിനും വൈഡ് ബോഡി വിമാനങ്ങളുടെ വരവിനും ഇന്നത്തെ അത്യാധുനിക ദീർഘദൂര ഇരട്ട എൻജിനുകൾ വരെയുള്ള വലിയ മാറ്റങ്ങൾക്കും അദ്ദേഹം സാക്ഷിയായി.

ഔദ്യോഗിക ജീവിതത്തിൽ പല പദവികളിലും സേവനമനുഷ്‌ഠിച്ചു. മെക്കാനിക്കൽ മേഖലയിലെ അതി സങ്കീർണമായ സാങ്കേതിക വശങ്ങൾ അറിയാനും പ്രവർത്തികമാക്കാനുമായിരുന്നു താൽപര്യം. കരിയർ അതിവേഗം വളർന്നു. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിലെ ഏവിയേഷൻ മെയിന്റനൻസ് ടെക്‌നീഷ്യൻ ക്രൂ ചീഫായി ബ്‌ളാക്‌മാൻ എത്തിയതും പുതിയൊരു ഏടായി.

സേവനത്തിന്റെ 75 വർഷങ്ങൾ, സ്വന്തം പേരിൽ ബോയിങ് 777

പഴയകാല സീപ്ളെയിനുകൾ മുതൽ ഇന്നത്തെ അത്യാധുനിക ട്വിൻ എൻജിൻ വൈഡ് ബോഡി വിമാനങ്ങൾ വരെയുള്ള വ്യോമയാന മേഖലയിലെ വൻ മാറ്റങ്ങൾക്ക് സാക്ഷിയായ ബ്‌ളാക്‌മാനെ 2017ൽ, തന്റെ കരിയറിന്റെ 75 വർഷം പൂർത്തിയാക്കിയ വേളയിലാണ് അമേരിക്കൻ എയർലൈൻസ് ആദരിച്ചത്. ജോലിയോടുള്ള അർപ്പണ ബോധത്തിനും ആത്‌മാർഥതയ്‌ക്കുമുള്ള ആദര സൂചകമായി ഒരു ബോയിങ് 777-200 വിമാനം തന്നെ കമ്പനി അദ്ദേഹത്തിന്റെ പേരിൽ സമർപ്പിച്ചു.

american aviation-mechanic Azriel Al Blackman
കമ്പനി സമർപ്പിച്ച ബോയിങ് 777-200 വിമാനം / Image Source: BBC / Cropped by Team MN

കമ്പനിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു അത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബ്‌ളാക്‌മാന്റെ കരിയറിനെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ പ്രത്യേക ഫലകവും വിമാനത്തിൽ സ്‌ഥാപിച്ചിരുന്നു. മെക്കാനിക്കുകൾക്കിടയിൽ ഈ വിമാനം പെട്ടെന്ന് പ്രസിദ്ധി നേടുകയും ചെയ്‌തു.

ഗിന്നസ് റെക്കോർഡും കരിയർ അവസാനവും

ചരിത്രപരമായ കരിയറിന്റെ 75 വർഷം പൂർത്തിയാക്കിയ വേളയിലാണ് അദ്ദേഹത്തിന് ദീർഘകാല സേവനത്തിന്റെ അംഗീകാരമായി ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്. എങ്കിലും, കരിയർ അവസാനിപ്പിച്ചില്ല. വീണ്ടും അഞ്ചുവർഷം കൂടി തന്റെ സേവനം തുടർന്നു. 202280 വർഷത്തെ കരിയർ പൂർത്തിയാക്കിയ ശേഷമാണ് ബ്‌ളാക്‌മാൻ ജോലിയിൽ നിന്ന് വിരമിച്ചത്.

വാനോളം ഉയർന്നത് ജോലിയോടുള്ള വിഖ്യാതമായ സ്‌നേഹം

ജോലിയോടുള്ള അതിയായ സ്‌നേഹമാണ് ബ്‌ളാക്‌മാനെ പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിച്ചത്. ”ചെയ്യുന്ന ജോലിയെ ഇഷ്‌ടപ്പെട്ടാൽ ഒരിക്കലും അതൊരു ഭാരമാവില്ല’ എന്ന് അമേരിക്കൻ എയർലൈൻസിന്റെ വെബ്സൈറ്റിൽ ഒരിക്കൽ ബ്‌ളാക്‌മാൻ കുറിച്ചിരുന്നു.

american aviation-mechanic Azriel Al Blackman
Image Source: American Airlines Facebook Page/ Cropped by Team MN

പ്രായം കൂടുന്തോറും ജോലിയോടുള്ള അർപ്പണബോധം കൂടിക്കൊണ്ടിരുന്നു. കൃത്യനിഷ്‌ഠയും ചിട്ടയായ ജീവിതവും എന്നും മുതൽക്കൂട്ടായിരുന്നു. പുലർച്ചെ അഞ്ചിന് തുടങ്ങേണ്ട ജോലി ഷിഫ്റ്റിൽ മൂന്നിന് തന്നെ അദ്ദേഹം പണിപ്പുരയിൽ എത്തുമായിരുന്നു. സഹപ്രവർത്തകരോട് ഒപ്പമുള്ള സമയമാണ് അദ്ദേഹം ഏറെ ആസ്വദിച്ചിരുന്നത്.

ബ്‌ളാക്‌മാൻ പകർന്നുനൽകിയ അനുഭവ സമ്പത്തും അറിവുകളും പല തലമുറകളിലുംപ്പെട്ട മെക്കാനിക്കുകൾക്ക് എന്നും മുതൽക്കൂട്ടാണ്. പലരും അദ്ദേഹത്തെ വഴികാട്ടിയായാണ് കാണുന്നത്. ഭൂമിയിൽ നിന്ന് വിട പറഞ്ഞെങ്കിലും, വ്യോമയാന മെക്കാനിക് ചരിത്രത്തിന്റെ ഏടുകളിൽ ബ്‌ളാക്‌മാന്റെ പേര് വാനോളം ഉയർന്നുതന്നെ നിൽക്കും.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE