ന്യൂഡെൽഹി: സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓഗസ്റ്റ് 16നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡേൻ ഗ്യാസ് (Indane Gas) ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
സബ്സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാം. ‘IndianOil ONE‘ ആപ്പ് ഉപയോഗിച്ചോ, ഡെലിവറി ജീവനക്കാർ മുഖേനെയോ ഡിസ്ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇ-കെവൈസി ചെയ്യണമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
ഓൺലൈൻ ആയി എങ്ങനെ ഇ-കെവൈസി പൂർത്തിയാക്കാം
- നിങ്ങളുടെ എൽപിജി ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്യുക.
- എൽപിജി അക്കൗണ്ടുമായി ബന്ധപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകി ഫോൺ നമ്പർ വെരിഫൈ ചെയ്യുക.
- നിങ്ങളുടെ എൽപിജി അക്കൗണ്ട് ലിങ്ക് ചെയ്യുക അല്ലെങ്കിൽ ആക്സസ് ചെയ്യുക (ഇൻഡൺ ഗ്യാസ് ഉപഭോക്താക്കൾ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനായി 16 അക്ക എൽപിജി ഐഡി നൽകണം. അതേസമയം, ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL), അപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ ലഭ്യമാണ്).
- ഇ-കെവൈസി ഓപ്ഷൻ തുറക്കുക.
- നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷൻ അനുമതി നൽകുക. ഫെയ്സ് സ്കാൻ (Face Scan / Capture Face) ക്ളിക്ക് ചെയ്ത് ‘AadhaarFaceRD‘ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക.
- സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുക.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം







































