തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് വിദഗ്‌ധ സമിതി. ഇക്കാര്യം പരിഗണിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.
ഇന്നലെ ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ശക്‌തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും കേരളം നിലപാടെടുത്തിരുന്നു. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെയുള്ള പരിശോധന ശരിയല്ലെന്ന നിലപാടിലാണ് കേരളം.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന, ഹൈഡ്രോളിക് സുരക്ഷ, ഭൂകമ്പത്തെ അതിജീവിക്കാനുള്ള അണക്കെട്ടിന്റെ ക്ഷമത തുടങ്ങിയ കാര്യങ്ങളിൽ വിദഗ്‌ധ പാനൽ സാങ്കേതികപരമായ യാതൊരു പരിശോധനയ്‌ക്കും മുതിരാത്തത് അംഗീകരിക്കാൻ ആവില്ലെന്നാണ് സംസ്‌ഥാനം പറയുന്നത്.
റിക്‌ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടായാൽ അണക്കെട്ടിന് ഭീഷണിയെന്നാണ് പഠനങ്ങൾ പരാമർശിക്കുന്നത്. സാങ്കേതികമായ പരിശോധന നടത്താതെ ഈ ആശങ്ക ഒഴിവാക്കാൻ സാധിക്കില്ല. അതിനാൽ ഭൂകമ്പത്തെ അതിജീവിക്കാനുള്ള കരുത്ത് അണക്കെട്ടിന് ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച അഞ്ചംഗ വിദഗ്‌ധ സമിതി മൂന്ന് ദിവസമായി സ്‌ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നാം ദിവസമായ ഇന്നും വിദഗ്‌ധ സമിതി തേക്കടിയിൽ തുടരുകയാണ്. ഇന്ന് തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ടിൽ കേരളത്തിന്റെ ആവശ്യങ്ങളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഡെൽഹിയിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമ റിപ്പോർട് തയ്യാറാക്കുക.
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സംഘത്തിൽ ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധിയായിട്ടുള്ളത്. ഗോപാൽ ധവാൻ, എംഎൽ ശർമ്മ, ഗുൽഷൻ രാജ് എന്നിവരാണ് മറ്റു അംഗങ്ങൾ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































