കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഈമാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. അന്വേഷണ പുരോഗതിയും വിശദാംശങ്ങളും എസ്ഐടി തലവൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിച്ചു.
ജംഷഡ്‌പൂരിലെ ശാസ്‌ത്രീയ പരിശോധനാ ലാബിൽ നിന്നുള്ള റിപ്പോർട് കാലതാമസം നേരിട്ടതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി. റിപ്പോർട് ലഭ്യമായിട്ടുണ്ടെന്നും സെപ്‌തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും എസ്ഐടി അറിയിച്ചു. എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്‌തി രേഖപ്പെടുത്തി.
2025ലെ സ്വർണപ്പാളി കേസിലും ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം കവർന്ന കേസിലും ഒരുമിച്ചാണ് കുറ്റപത്രം നൽകുന്നത്. അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, കേസിന്റെ വിശദാംശങ്ങൾ അടങ്ങിയ ഇടക്കാല ഉത്തരവ് വൈകുന്നേരത്തോടെ പുറപ്പെടുവിക്കും.
അതേസമയം, കേസിൽ അറസ്‌റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹരജി പരിഗണിച്ചാണ് നടപടി. ജൂലൈ 23നാണ് പ്രശാന്തിനെ എസ്ഐടി അറസ്‌റ്റ് ചെയ്‌തത്.
പ്രശാന്തിനൊപ്പം അറസ്‌റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എ അജികുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2025ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്ഐടി ഇവരെ അറസ്‌റ്റ് ചെയ്‌തത്.
ദ്വാരപാലക പാളികൾ സ്വർണം പൂശാൻ കൃത്യമായ ആസൂത്രത്തോടെയാണ് കൊള്ള നടന്നത്. ഗൂഢാലോചനയിൽ പിഎസ്. പ്രശാന്ത് നേരിട്ട് പങ്കാളിയാണെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പിഎസ് പ്രശാന്തും എ അജികുമാറും ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കി സ്വർണം പൂശുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2019ന് പുറമെ 2025ലും ശബരിമലയിൽ നിന്ന് സ്വർണക്കവർച്ച നടന്നിട്ടുണ്ടെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമാണ് സ്വർണം അപഹരിക്കപ്പെട്ടത്.
എന്നാൽ, 2025ൽ ദ്വാരപാലക ശിൽപ്പത്തിലെ താങ്ങുപീഠ പാളികളിൽ നിന്നാണ് സ്വർണം അപഹരിച്ചത്. 17ആം പ്രതിയായ പിഎസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗമാണ് 18ആം പ്രതി എ. അജികുമാർ എന്നിവർ മറ്റു പ്രതികൾ ചെയ്‌ത കുറ്റകൃത്യം മറച്ചുവയ്‌ക്കുന്നതിന് കൂട്ടുനിന്നു. ഇവർ പ്രതികൾക്ക് അനുകൂലമായി ബോർഡ് ഉത്തരവ് ഇറക്കി.
അതുമൂലം ദ്വാരപാലക താങ്ങുപീഠ പാളികളിൽ നിന്നും വീണ്ടും സ്വർണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കും 12ആം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭം ഉണ്ടാക്കി നൽകി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































