പാലക്കാട്: ചിറ്റൂരിന്റെ രാഷ്ട്രീയ, സാമൂഹിക, സഹകരണ മേഖലകളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. അസുഖബാധിതനായി ചികിൽസയിലിരിക്കെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജനപ്രതിനിധി എന്ന പദവിക്കപ്പുറം ചിറ്റൂരിലെ സാധാരണ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു കെ. അച്യുതൻ. കർഷകനായും സഹകരണ പ്രവർത്തകനായും പൊതുപ്രവർത്തകനായും ആരംഭിച്ച ജീവിതമാണ് പിന്നീട് രണ്ടു പതിറ്റാണ്ട് നീണ്ട നിയമസഭാ പ്രാതിനിധ്യത്തിലേക്ക് വളർന്നത്.
1996, 2001, 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച അച്യുതൻ, 1996 മുതൽ 2016 വരെ ഇരുപത് വർഷം ചിറ്റൂർ മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ചു.
തദ്ദേശ ഭരണത്തിൽ നിന്ന് നിയമസഭയിലേക്ക്
1950 ഫെബ്രുവരി 24ന് തത്തമംഗലത്ത് കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായാണ് കെ. അച്യുതൻ ജനിച്ചത്. കർഷക കുടുംബത്തിൽ നിന്നെത്തിയ അദ്ദേഹം കേരള വിദ്യാർഥി യൂണിയനിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നത്. കാർഷിക, സഹകരണ മേഖലകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം രാഷ്ട്രീയ ജീവിതത്തിലുടനീളം തുടർന്നു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് ഏറെ മുമ്പുതന്നെ തദ്ദേശഭരണ രംഗത്ത് അച്യുതൻ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ദീർഘകാലം ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം തദ്ദേശഭരണവും ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധവുമാണ് തന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയാക്കിയത്. നിയമസഭാ പ്രൊഫൈൽ പ്രകാരം 1979 മുതൽ 1996 വരെ നഗരസഭാ ചെയർമാനായും തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചു.

ചിറ്റൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡണ്ടും ഡയറക്ടറുമായും ജില്ലാ കൗൺസിൽ അംഗം, ജില്ലാ പ്ളാനിങ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ രംഗത്തും വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നേതൃത്വ ചുമതലകളിലും അച്യുതൻ സജീവമായിരുന്നു.
മലബാർ സിമന്റ്സ് ഐഎൻടിയുസി യൂണിയൻ പ്രസിഡണ്ട്, ചിറ്റൂർ കയർ ക്ളസ്റ്റർ പ്രസിഡണ്ട്, പള്ളത്തേരി ഇൻഡസ്ട്രീസ് ഐഎൻടിയുസി യൂണിയൻ പ്രസിഡണ്ട് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
നാല് തിരഞ്ഞെടുപ്പുകൾ, ഇരുപത് വർഷത്തെ ജനവിധി
1996ൽ ചിറ്റൂരിൽ നിന്നുള്ള ആദ്യ നിയമസഭാ വിജയത്തിനു ശേഷം പിന്നീടുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും ജനവിധി നിലനിർത്താനായതാണ് അച്യുതന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. നാല് തവണ തുടർച്ചയായി ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് പ്രാദേശികതലത്തിലുണ്ടായിരുന്ന രാഷ്ട്രീയ അടിത്തറയുടെ തെളിവായി മാറി.
വലിയ രാഷ്ട്രീയ പദവികളേക്കാൾ മണ്ഡലത്തോടുള്ള ബന്ധമാണ് അച്യുതന്റെ പൊതുജീവിതത്തെ നിർവചിച്ചത്. കർഷകരും സഹകരണ മേഖലയുമായി ബന്ധപ്പെട്ടവരും സാധാരണ കുടുംബങ്ങളും ഉൾപ്പെടുന്ന ചിറ്റൂരിന്റെ സാമൂഹിക ജീവിതത്തിൽ പതിറ്റാണ്ടുകളായി പരിചിതമായ സാന്നിധ്യമായിരുന്നു അദ്ദേഹം.

2016ൽ കെ. കൃഷ്ണൻകുട്ടിയോട് പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നത്. ജനങ്ങളോടുള്ള അടുപ്പം കാരണം കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം പോലും അദ്ദേഹം വേണ്ടെന്നുവെച്ചിരുന്നു. മന്ത്രിയായാൽ ചിറ്റൂരിലെ ജനങ്ങളുടെ കാര്യങ്ങളിൽ പൂർണമായി ഇടപെടാൻ കഴിയില്ലെന്നും, തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം ആ പദവി നിരസിച്ചത്.
അതുകൊണ്ടുതന്നെ ഒരു മുൻ എംഎൽഎയുടെ വിയോഗം എന്നതിലുപരി, ചിറ്റൂരിന്റെ ഒരു രാഷ്ട്രീയ കാലഘട്ടത്തിന്റെ വിടവാങ്ങലായാണ് കെ. അച്യുതന്റെ നിര്യാണം മാറുന്നത്.
രാഷ്ട്രീയ പാരമ്പര്യം തുടരുന്നു
ഭാര്യ സികെ സുധ. മക്കൾ സുമേഷ് അച്യുതൻ, എ. ഷീബ. സുമേഷ് അച്യുതൻ നിലവിൽ ചിറ്റൂർ മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. ഷീബ ഹൈക്കോടതി അഭിഭാഷകയാണ്.
കർഷകന്റെ മകനായി തുടങ്ങി നഗരസഭാ ചെയർമാനും സഹകരണ പ്രവർത്തകനുമായി വളർന്ന്, പിന്നീട് ഇരുപത് വർഷം നിയമസഭയിൽ ചിറ്റൂരിന്റെ ശബ്ദമായി മാറിയ കെ. അച്യുതന്റെ പൊതുജീവിതം കേരളത്തിലെ പഴയ തലമുറ ജനകീയ രാഷ്ട്രീയത്തിന്റെ ഒരു അധ്യായം കൂടിയാണ്.

ചിറ്റൂരിന് അദ്ദേഹം മുൻ എംഎൽഎ മാത്രമായിരുന്നില്ല. പതിറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ ജീവിച്ച ഒരു പൊതുപ്രവർത്തകനായിരുന്നു. ആ സാന്നിധ്യത്തിനാണ് ഇന്ന് വിട.
പ്രമുഖർ അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി വിഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ സുധാകരൻ, കെസി വേണുഗോപാൽ തുടങ്ങിയവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. ചിറ്റൂരിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു കെ അച്യുതനെന്ന് നേതാക്കൾ അനുസ്മരിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































