മലപ്പുറം: നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രമായ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ച ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി മന്ത്രി എപി അനിൽകുമാർ അറിയിച്ചു.
ഇന്ന് നടത്തിയ തിരച്ചിലിലാണ് ടികെ നഗർ വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിതയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിന്റെ ആദ്യ ദിനം രണ്ടുപേരുടെയും രണ്ടാം ദിനം മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തിയതിനാൽ തിരച്ചിൽ അവസാനിപ്പിച്ചതായി മന്ത്രി അറിയിച്ചു.
കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ്, മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ്, തിരൂർ സ്വദേശി അഹമ്മദ് കുട്ടി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
സംഭവ സമയത്ത് പുഴയിലോ പരിസരത്തോ മഴ ഉണ്ടായിരുന്നില്ല, നിരവധി വിനോദസഞ്ചാരികൾ പുഴയിൽ ഉണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിക്കുകയായിരുന്നു. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിലാണ് കുറേപ്പേരുടെ ജീവൻ രക്ഷിക്കാനായത്.
Most Read| ചരിത്ര മെഡൽ നേടി ദിന അഹമ്മദ്; സൗദി കായിക ചരിത്രത്തിലെ പുതിയ അധ്യായം

































