ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ മാർച്ച് നടത്താൻ ഇന്ത്യ സഖ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിന് അണിനിരക്കുന്നത്.
തുടർ നടപടികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിലെ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിലെ സാഗർ രത്ന റസ്റ്റോറന്റിൽ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധ തീരുമാനം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കും.
തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്ഐആറുകളും ഓരോ മെഡൽ പോലെയാണെന്ന് പ്രതിഷേധത്തിന് പുറപ്പെടും മുൻപ് രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. ”ഇന്ന് ജന്തർ മന്തറിൽ ഒരിക്കൽ കൂടി പ്രതിഷേധിക്കാനാണ് തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കാൻ യോഗ്യനായ വ്യക്തിയല്ല ഗ്യാനേഷ് കുമാറെന്ന് രാജ്യത്തോട് പറയണം. ഇപ്പോൾ എനിക്കെതിരെ 45 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് 100 ആവണമെന്നാണ് എന്റെ ആഗ്രഹം. ഓരോ എഫ്ഐആറും ഓരോ മെഡലാണ്”- രാഹുൽ ഗാന്ധി പറഞ്ഞു.
ജനപഥിൽ നിന്ന് മൂന്ന് ബസുകളിലായാണ് എംപിമാർ ജന്തർ മന്തറിലേക്ക് പോകുന്നത്. ബസ് പോലീസ് തടഞ്ഞാൽ ഇറങ്ങി നടക്കാനാണ് തീരുമാനമെന്ന് എംപിമാർ പറഞ്ഞാൽ. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡെൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ജന്തർ മന്തർ ഇന്നും സംഘർഷഭരിതമാകാനാണ് സാധ്യത.
Most Read| കേരളത്തിന് എയിംസിന് അർഹതയില്ലേ? കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി






































