കൊച്ചി: കേരളത്തിന് എയിംസിന് അർഹതയില്ലേയെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ വൈകുന്നതെന്നും കോടതി ആരാഞ്ഞു. എന്നാൽ, കേരളം ആരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നതിനാലാണ് അനുമതി വൈകുന്നതെന്നും ആരോഗ്യരംഗത്ത് പിന്നിൽ നിൽക്കുന്ന സംസ്‌ഥാനങ്ങൾക്ക് മുൻഗണന കൊടുക്കുന്നതാണ് നയമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോയെന്ന ചോദ്യം ഹൈക്കോടതി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ, ജസ്‌റ്റിസ് വിഎം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്‌തമാക്കാൻ കോടതി നേരത്തെ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്നതിനിടെയാണ് കോടതി അതൃപ്‌തി പ്രകടിപ്പിച്ചത്. ഡെൽഹിയിൽ എങ്ങനെയാണ് എയിംസ് സ്‌ഥാപിക്കപ്പെട്ടതെന്ന് ചീഫ് ജസ്‌റ്റിസ് ചോദിച്ചു. കേരളം ഒരു എയിംസ് അർഹിക്കുന്നുണ്ട്. കേരളത്തിന് ഇത് ആവശ്യമില്ലെന്ന് അർഥമാക്കരുത്. എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്‌ഥാനമാണ് കേരളമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2027-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ വിവിധ സംസ്‌ഥാനങ്ങളിൽ എയിംസ് സ്‌ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ തുടർച്ചയ്‌ക്കുമായി 11,307 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും എന്നാൽ പുതിയ പദ്ധതിയുടെ പ്രൊപ്പോസൽ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി. 2026 ജൂലൈ 24ന് ലോക്‌സഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി പ്രകാരം കേരളത്തിന് എയിംസ് സ്‌ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടില്ല.
കേരളത്തിൽ എയിംസ് സ്‌ഥാപിക്കാൻ കോഴിക്കോട് കിനാലൂർ ഉൾപ്പടെ നാല് സ്‌ഥലങ്ങളാണ് സംസ്‌ഥാന സർക്കാർ നിർദേശിച്ചിരുന്നത്. ഇതിൽ അന്തിമമായി കിനാലൂരിന്റെ സ്‌ഥലമാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, ഹരജിക്കാർ ആവശ്യപ്പെടുന്ന കാസർഗോട്ടെയോ വെള്ളൂരെയോ ഭൂമി ഈ നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് കേസിൽ വാദം തുടരുന്നു. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്‌മ എന്ന സംഘടനയാണ് ജില്ലയിൽ എയിംസ് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Health| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക






































