ചെറുതോണി: ഇടുക്കി ജില്ലയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ജില്ലാ സ്കൂൾ കായികമേള, അടിമവ്യാപാര നിരോധന വാർഷികാഘോഷത്തിനായി പോകുന്ന പിആർഡിഎസ് വാഹനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി സിപിഎം അറിയിച്ചു.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കെഡസ്ട്രൽ മാപ്പിലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഏഴാമത് കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടും ഭേദഗതികൾ സമർപ്പിക്കുന്നതിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
ഡിജിറ്റൽ കെഡസ്ട്രൽ മാപ്പ് പ്രസിദ്ധീകരിക്കുന്നത് വൈകിയതിലും അതിൽ നിലനിൽക്കുന്ന അവ്യക്തതകളിലും ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്. ഇതോടൊപ്പം ജനവാസ മേഖലകളിൽ കാട്ടാനശല്യം തടയുന്നതിൽ പരാജയപ്പെടുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്ത കലക്ടറുടെ നിലപാടുകൾക്ക് എതിരെയും പ്രതികരിച്ചുകൊണ്ടാണ് ഹർത്താൽ.
ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽ ജില്ലയിലെ പ്രധാന കടകമ്പോളങ്ങളെല്ലാം പൂർണമായും അടഞ്ഞുകിടക്കുകയാണ്. എന്നാൽ, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ദീർഘദൂര കെഎസ്ആർടിസി ബസുകളും ഹൈറേഞ്ചിലേക്കുള്ള പ്രത്യേക കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്. തൊടുപുഴ നഗരത്തിൽ ഓട്ടോറിക്ഷ സർവീസുകൾ ഭാഗികമായി നടക്കുന്നുണ്ട്.
ജില്ലയിൽ സേ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും, നെടുങ്കണ്ടത്ത് നടക്കുന്ന ജില്ലാ കായികമേളയിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങൾക്കും തടസമില്ലാതെ സഞ്ചരിക്കാം. കൂടാതെ, മുൻകൂട്ടി മുറികളും യാത്രയും ബുക്ക് ചെയ്ത് എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ തടയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം

































