ന്യൂഡെൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുൻപ് തന്നെ ജഡ്ജിമാരുടെ നിയമന കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം തേടാൻ ചന്ദ്രചൂഡ് ശ്രമിച്ചിരുന്നുവെന്ന് സഞ്ജയ് കിഷൻ കൗൾ വെളിപ്പെടുത്തി.
ഈമാസം അവസാനം പുറത്തിറങ്ങുന്ന തന്റെ ‘വിതൗട്ട് ഫിയർ ഓർ ഫേവർ’ എന്ന ഓർമക്കുറിപ്പിലാണ് ജസ്റ്റിസ് കൗളിന്റെ തുറന്നുപറച്ചിലുകൾ ഉള്ളത്. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിൽ ഡിവൈ ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം പുലർത്തിയെന്ന് കൗൾ പുസ്തകത്തിൽ തുറന്നടിച്ചു. മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലിരിക്കെ സുപ്രീം കോടതിയുമായുള്ള ബന്ധം ശക്തമായെന്ന ആരോപണങ്ങൾക്കിടെയാണ് ജസ്റ്റിസ് കൗളിന്റെ ആരോപണങ്ങളും പുറത്തുവരുന്നത്.
”ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജഡ്ജിയെ നിയമിക്കുമ്പോൾ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ ചോദിച്ച വിചിത്രമായ ചോദ്യം ചീഫ് ജസ്റ്റിസ് കൊളീജിയത്തിൽ പങ്കുവെച്ചു. തലമുറകളായി ആ മതത്തിൽ കഴിയുന്ന കൂടുംബത്തിന്റെ ജാതി എങ്ങനെ അറിയാനാണെന്നും യോജിക്കാൻ കഴിയില്ലെന്നും പറഞ്ഞു കൗൾ അന്ന് ഫയൽ മടക്കി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സർക്കാർ ഈ പേര് അംഗീകരിച്ചു”- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറയുന്നു.
ജഡ്ജിമാരുടെ നിയമന കാര്യത്തിൽ നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ കൂടുതൽ ബഹുമാനിക്കുന്നു എന്ന് കൗൾ പുസ്തകത്തിൽ പരാമർശിക്കുന്നു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ കോടതി നൽകുന്ന ശുപാർശകൾ അംഗീകരിക്കുന്ന നിരവധി കേസുകളെ കുറിച്ച് പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. കൊളീജിയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ സർക്കാറിന്റെ മുൻകൂർ അനുമതി തേടുന്ന രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഭരണകൂടത്തിന്റെ നിലപാടുകളെ പ്രതിരോധിക്കുന്ന പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കലല്ല കോടതിയുടെ പണിയെന്നും എന്നാൽ ഭരണകൂടത്തിന്റെ വഴിവിട്ട നീക്കങ്ങൾക്ക് തടയിടുന്ന ചെക്ക് ആൻഡ് ബാലൻസ് ആയി നിലകൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊളീജിയം യോഗങ്ങളിലെ നിർണായകമായ ചില സംഭവങ്ങളും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ



































