ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ സേവനമനുഷ്‌ഠിക്കുന്ന അഗ്‌നിവീറുകളുടെ കരാർ കാലാവധി നീട്ടി. നാലുവർഷത്തിൽ നിന്ന് ആറുവർഷമായാണ് ഉയർത്തിയത്. ‘സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി’ എന്ന് വിളിക്കപ്പെടുന്ന ഭേദഗതി നിർദ്ദേശം അംഗീകരിച്ചാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ഇതുപ്രകാരം ആറുവർഷത്തെ സേവനത്തിന് ശേഷം യോഗ്യരും താൽപ്പര്യമുള്ളവരുമായ അഗ്‌നിവീറുകളെ സ്‌ഥിരപ്പെടുത്താൻ വ്യവസ്‌ഥയുണ്ടാകും. ആദ്യ ബാച്ച് അഗ്‌നിവീറുകളുടെ നാലുവർഷത്തെ കരാർ പൂർത്തിയാകുന്ന പശ്‌ചാത്തലത്തിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. സംയുക്‌ത സേനാ മേധാവി എൻഎസ് രാജ സുബ്രമണിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നിലവിലെ അഗ്‌നിപഥ് പദ്ധതി പ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക് 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികളെ നാലുവർഷത്തെ നിശ്‌ചിത കരാറിലാണ് അഗ്‌നിവീറുകളായി നിയമിക്കുന്നത്. നാലുവർഷത്തെ സേവനത്തിന് ശേഷം ഓരോ ബാച്ചിലേയും 25 ശതമാനം പേരെ മെറിറ്റ് അടിസ്‌ഥാനത്തിൽ സായുധ സേനയിലെ സ്‌ഥിരം കേഡറിലേക്ക് ഉൾപ്പെടുത്തുകയും ബാക്കി 75 ശതമാനം പേർ സിവിലിയൻ ജീവിതത്തിലേക്ക് മടങ്ങുകയുമാണ് ചെയ്യുന്നത്.
ഈ 75 ശതമാനം വരുന്ന അഗ്‌നിവീറുകൾക്കാണ് സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി എന്ന പേരിൽ സേവനകാലാവധി രണ്ടുവർഷത്തേക്ക് കൂടി നീട്ടി നൽകുക. നിലവിൽ ആദ്യവർഷം പ്രതിമാസം 30,000 രൂപയിൽ തുടങ്ങി നാലാം വർഷത്തിൽ 40,000 രൂപവരെ ലഭിക്കും. ശമ്പളത്തിൽ നിന്ന് 30 ശതമാനം തുക കുറയ്‌ക്കുകയും അതിന് തുല്യമായ തുക കേന്ദ്ര സർക്കാർ ഒരു പ്രത്യേക നിധിയിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു.
നാലുവർഷത്തിന് ശേഷം മടങ്ങുന്നവർക്ക് നികുതിരഹിതമായ 11.71 ലക്ഷം രൂപയും സ്‌കിൽ സർട്ടിഫിക്കറ്റും 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കില്ല. 2022ൽ റിക്രൂട്ട് ചെയ്‌ത ആദ്യ ബാച്ച് അഗ്‌നിവീറുകളുടെ നാലുവർഷത്തെ കരാർ കാലാവധി പൂർത്തിയാകുന്ന പശ്‌ചാത്തലത്തിലാണ് സേവന കാലാവധി നീട്ടാനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ


































