തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് കമ്മീഷണറുടെ റിപ്പോർട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് റിപ്പോർട് സമർപ്പിച്ചത്.
രാത്രി 10.52നാണ് 17കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിക്കുന്നതിനും അപ്പോഴേക്കും യുവാവ് കൊല്ലപ്പെട്ടിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ ഉടൻ പോലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചെയോടെ വിട്ടയക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് നടത്തിയ അന്വേഷണം ഉമർ എന്ന വ്യക്തിയിലേക്ക് എത്തി. കൊല്ലപ്പെട്ടയാളുടെ ഫോൺ ഓഫ് ആയിരുന്നതിനാൽ പലപ്പോഴും പാങ്ങപ്പാറ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ലൊക്കേഷനിലേക്ക് എത്താനായില്ല. കൊലയാളികൾ ഫോൺ ഒളിപ്പിച്ചിരുന്നെങ്കിലും, മണിക്കൂറുകൾക്കകം പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞെന്നും പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കൊലപാതകത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. മരിച്ച അഭിരാമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള പല ചാറ്റുകളും അപ്രതീക്ഷിതമാണെന്ന് സൈബർ സെൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അഭിരാമിന്റെ അക്കൗണ്ട് മറ്റൊരു പെൺ സുഹൃത്തുമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തിലാണ് ഈ സന്ദേശങ്ങൾ മാഞ്ഞുപോയത് എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുകയാണ്.
പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് അഭിരാം വീട്ടിൽ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച വൈകി ചിത്രീകരിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുള്ളതാണ് ഈ ദൃശ്യങ്ങൾ.
പെൺകുട്ടിയുമായി അഭിരാമിന് അടുപ്പമുടിനായിരുന്നു. അതിനാൽ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചപ്പോൾ പറഞ്ഞ സ്ഥലത്തേക്കാണ് അഭിരാം പോയത്. എന്നാൽ, സന്ദേശം അയച്ചത് പെൺകുട്ടിയല്ലെന്നും പെൺകുട്ടിയുടെ സുഹൃത്തായ 17 വയസുകാരൻ ആണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ നിർണായക തെളിവായിരിക്കുകയാണ് ഈ ദൃശ്യങ്ങൾ. സംഭവത്തിൽ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഉമർ, 17 വയസുകാരൻ, ഇയാളുടെ സുഹൃത്തായ പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തിൽ കൂടുതൽപ്പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം





































